വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ കേസ് നിലനില്‍ക്കുമെന്നു ഡല്‍ഹി കോടതി. തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച രേഖയിലാണ് കേന്ദ്രമന്ത്രി വിദ്യാഭ്യാസയോഗ്യത തെറ്റായി കാട്ടിയത്.രാജ്യസഭയിലേക്കും ലോക്സഭയിലേക്കും നടന്ന തെരഞ്ഞെടുപ്പുകള്‍ക്കായി വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളാണു മന്ത്രി രേഖപ്പെടുത്തിയിരുന്നതെന്ന കേസില്‍ ഡല്‍ഹി മെട്രോപ്പോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണു നിരീക്ഷണം. ഓഗസ്റ്റ് 28നു കേസ് വീണ്ടും പരിഗണിക്കും .2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി നല്കിയ സത്യവാങ്മൂലത്തില്‍ 1996ല്‍ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ബിഎ കരസ്ഥമാക്കിയെന്നാണ് സ്മൃതി അവകാശപ്പെടുന്നത്. 2011ല്‍ ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോഴാകട്ടെ വിദൂരവിഭ്യാഭ്യാസപദ്ധതി വഴി മറ്റൊരു സര്‍വകലാശാലയില്‍നിന്നു ബികോം കരസ്ഥമാക്കിയെന്നും രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്) നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നും വ്യക്തമാക്കുന്നു. മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയത് എന്നാണ് പരാതിക്കാരന്റെ ആരോപണം.ഫ്രീലാന്‍സ് എഴുത്തുകാരനായ അഹ്മെര്‍ ഖാനാണ് മന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു. മതിയായ തെളിവുകളുണ്ടെങ്കില്‍ കേസെടുക്കാമെന്നും പട്യാല ഹൗസ് കോടതിയുടെ ഉത്തരവില്‍ പറയുന്നു.കോടതി പരാമര്‍ശം വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി തന്നെ വിദ്യാഭ്യാസ യോഗ്യതയില്‍ കൃത്രിമം കാണിച്ചത് അപമാനകരമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹി നിയമന്ത്രി ജിതേന്ദ്ര തോമറിന്റെ കാര്യത്തില്‍ ചെയ്തതു പോലെ ഡല്‍ഹി പൊലീസ് സ്മൃതി ഇറാനിയെ അറസ്റ്റ് ചെയ്യുമോയെന്ന് എഎപി നേതാവ് അശുതോഷ് ചോദിച്ചു
സ്മൃതി ഇറാനിയുടെ വിദ്യഭ്യാസ യോഗ്യത വിവാദം
0
Share.