സര്‍ക്കാര്‍ കരാറുകാരുടെ ബില്‍കുടിശ്ശിക സമയബന്ധിതമായി കൊടുത്തു തീര്‍ക്കാന്‍ കോണ്ട്രാക്ടര്മാരുടെ സംയുക്ത സമരസമിതിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടപടി ആരംഭിച്ചതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു.
ധാരണപ്രകാരം നിരത്തുവിഭാഗം ഒഴികെയുള്ള കുടിശിക 2015 ഡിസംബറിലും നിരത്തു വിഭാഗത്തിലേത് 2016 മാര്‍ച്ചിലും കൊടുത്തുതീര്‍ക്കും. ആറുമാസത്തെ ബില്ലുകള്‍ ഡിസ്കൗണ്ട് ചെയ്യുന്നതിന് സൗകര്യമുണ്ടാകും. ആറുമാസത്തിലധികം പഴക്കമുള്ള ബില്ലുകള്‍ ഡിസ്കൗണ്ട് ചെയ്യുന്പോള്‍ പലിശയുടെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. നിലവില്‍ അത് 25 ശതമാനമാണ്.
സാന്പത്തിക പരിമിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കരാറുകാരുടെ പ്രശ്നങ്ങള്‍ പരമാവധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ പണിമുടക്കില്‍ നിന്ന് കരാറുകാര്‍ പിന്തിരിയണമെന്ന് മന്ത്രി മാണി അഭ്യര്‍ത്ഥിച്ചു.
കെട്ടിടവിഭാഗത്തില്‍ ഭരണാനുമതിത്തുക 10 ലക്ഷം രൂപയില്‍ അധികരിക്കാത്ത ഡെപ്പോസിറ്റ് പണികളുടെ ബില്ലുകള്‍ തീര്‍പ്പാക്കാനുള്ള അധികാരം ബന്ധപ്പെട്ട എഞ്ചിനിയര്‍മാര്‍ക്ക് നല്‍കും. ജലവിഭവ വകുപ്പിലെ കുടിശ്ശിക ബില്ലുകള്‍ ഈ മാസം മുതല്‍ നല്കിത്തുടങ്ങും. നബാര്‍ഡ് പദ്ധതികള്‍, ഡെപ്പോസിറ്റ് വര്‍ക്കുകള്‍ എന്നിവയുടെ ബില്ലുകള്‍ കുടിശ്ശികയാകാതെ തീര്‍പ്പു കല്‍പ്പിക്കും.