മഹാരാജാസ് കോളജിലെ പൊളിറ്റിക്സ് വിഭാഗത്തിൽ നിന്നു കംപ്യൂട്ടറുകളും എൽസിഡി ടിവിയും പ്രിന്ററും മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണു മോഷണം നടന്നത്. രണ്ടു കംപ്യൂട്ടറും അനുബന്ധ ഉപകരണമായ സിപിയുകളും നഷ്ടമായി. മറ്റു രണ്ടു കംപ്യൂട്ടറുകളുടെ സിപിയുകളും കീ ബോർഡും മൗസും ഓഫിസിനു മുന്നിലെ വാതിലിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ ഓടിയൊളിച്ചുവെന്ന് കോളജ് അധികൃതർ വ്യക്തമാക്കി. മുറി താഴിട്ടു പൂട്ടിയിരുന്നുവെങ്കിലും താഴോ വാതിലോ പൊളിക്കാതെയാണു മോഷ്ടാക്കൾ അകത്തു കടന്നത്. സ്വയംഭരണ പദവിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളജിൽ രാപ്പകൽ സമരം നടക്കുന്നതിനിടെയാണു മോഷണം. പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി അറിയിച്ചു.