ദുരന്ത നിവാരണ സുരക്ഷ സന്നദ്ധ സേന രൂപീകരിക്കും: മന്ത്രി അടൂര് പ്രകാശ്

0

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്‍റെ(ഐഎല്‍ഡിഎം) ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വീസ് സ്കീം(എന്‍എസ്എസ്) ടെക്നിക്കല്‍ സെല്ലുമായി സഹകരിച്ച് എല്ലാ ജില്ലകളിലും ദുരന്ത നിവാരണ സുരക്ഷ സന്നദ്ധ സേന രൂപീകരിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ല ദുരന്ത നിവാരണ അതോറിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, റെഡ്ക്രോസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ റെഡ്ക്രോസ് കേഡറ്റുകള്‍ക്കായി പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ദുരന്തനിവാരണ പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷ സന്നദ്ധ സേനയുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്ന കാര്യം പരിഗണിച്ചു വരുകയാണ്. ദുരന്തസാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ച് പുതിയ തലമുറയ്ക്കു പരിശീലനം നല്‍കി പ്രാപ്തരാക്കും. കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തു. ഇപ്പോള്‍ സംസ്ഥാനതലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംവിധാനമുണ്ട്. ഇതിന്‍റെ ഭാഗമായുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. പത്തനംതിട്ട, മല്ലപ്പുറം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബാക്കി ജില്ലകളിലും ഇതാരംഭിക്കും. കഴിഞ്ഞ ശബരിമല തീര്‍ഥാടനകാലത്ത് ദുരന്തനിവാരണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കുന്നതിനും ദുരന്തനിവാരണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. പമ്പയില്‍നിന്നു ശബരിമല സന്നിധാനത്തേക്ക് മല കയറുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിവര ശേഖരണത്തിനുമായി ദുരന്തനിവാരണ ടണല്‍ സ്ഥാപിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സജ്ജീകരണം ഒരുക്കുന്നതിന് നിലയ്ക്കലില്‍ ഒരു ഏക്കര്‍ സ്ഥലവും പമ്പയില്‍ 10 സെന്‍റ് സ്ഥലവും ലഭ്യമാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരന്തസാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അജ്ഞതമൂലമാണ് പലപ്പോഴും അപകടത്തിന്‍റെ വ്യാപ്തി വര്‍ധിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ പറഞ്ഞു. ദൈനംദിന ജീവിതത്തില്‍ എല്ലാവര്‍ക്കും അപകടങ്ങളെ നേരിടേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് ദുരന്തനിവാരണ പരിശീലനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ദുരന്തനിവാരണ പരിശീലനം സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ജില്ലയിലെ ആറു താലൂക്കുകളിലെയും ഓരോ വിദ്യാലയത്തെ തെരഞ്ഞെടുത്ത് വിദ്യാര്‍ഥികള്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ദുരന്തത്തെ ഏങ്ങനെ നേരിടാമെന്ന അറിവ് ഓരോ വ്യക്തിയെ സംബന്ധിച്ചും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഐഎല്‍ഡിഎം ഡയറക്ടര്‍ ഡോ. കേശവ് മോഹന്‍ വിഷയാവതരണം നടത്തി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം. സുരേഷ് കുമാര്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ കെ.കെ.ആര്‍. പ്രസാദ്, ജൂനിയര്‍ റെഡ്ക്രോസ് ജില്ലാ സെക്രട്ടറി കെ.പി. രമേശ്, മാര്‍ത്തോമ്മാ എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ഷീബ എ. തടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share.

About Author

Comments are closed.