ശുചിത്വത്തില് കര്ശന നിബന്ധന പുലര്ത്തുന്ന രാജ്യങ്ങളെ മാതൃകയാക്കണം: മന്ത്രി അടൂര് പ്രകാശ്

0

ശുചിത്വ പരിപാലനത്തില്‍ കര്‍ശന നിബന്ധന പുലര്‍ത്തുന്ന രാജ്യങ്ങളെ മാതൃകയാക്കണമെന്ന് റവന്യു കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ ക്ലീന്‍ ഓഫീസ് ക്ലീന്‍ കാമ്പസ് ശുചിത്വ പദ്ധതിയായ മുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില വിദേശ രാജ്യങ്ങളില്‍ ചെന്നാല്‍ ഒരു കഷ്ണം പേപ്പര്‍ പോലും പൊതുവഴികളില്‍ കളയാനാവില്ല. സിംഗപ്പൂരില്‍ നിയമം ലംഘിച്ചാല്‍ 500 സിംഗപ്പൂര്‍ ഡോളര്‍ പിഴയായി നല്‍കണം. അത്തരം നിബന്ധനകള്‍ പാലിക്കുന്ന രാജ്യങ്ങള്‍ അഭിവൃദ്ധിപ്പെടുകയും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്യുന്നു. ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ ചെന്നാല്‍ ഓഫീസുകളിലെ പടിക്കെട്ടുകളില്‍ പോലും മുറുക്കിത്തുപ്പിയിരിക്കുന്നത് കാണാം. നിത്യജീവിതത്തിലെ ശുചിത്വ ബോധം ഓഫീസുകളിലും പാലിക്കണം. പത്തനംതിട്ട കളക്ടറേറ്റ് മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. മാതൃകാപരമായ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അഡ്വ. കെ.ശിവദാസന്‍ നായര്‍ എം. എല്‍. എ പറഞ്ഞു. വീടു പോലെ ഓഫീസുകളും പരിപാലിക്കണം. മുഖം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖം പദ്ധതിയിലൂടെ കളക്ടറേറ്റ് വളപ്പ് പ്ലാസ്റ്റിക് മുക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഓഫീസ് മാലിന്യം രണ്ടായി വേര്‍തിരിച്ച് സംസ്കരിക്കും. റിംഗ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ച് മാലിന്യത്തെ വളമാക്കി മാറ്റും. ശുചിമുറികള്‍ വൃത്തിയാക്കുന്നതിന് ഓരോ ദിവസവും ഓരോരുത്തരെ ഏര്‍പ്പെടുത്തുകയും എയര്‍പോര്‍ട്ടുകളിലേതു പോലെ വൃത്തിയാക്കിയ ആളുടെ പേരും വൃത്തിയാക്കുന്ന സമയവും രേഖപ്പെടുത്തുകയും ചെയ്യുമെന്ന് കളക്ടര്‍ പറഞ്ഞു. മുഖം പദ്ധതിയുടെ ഭാഗമായി ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തിന്‍റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ തുടക്കംകുറിച്ച ചുവര്‍ ചിത്ര രചനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍.ഹരിദാസ് ഇടത്തിട്ട നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക മോഹന്‍, എ.ഡി. എം. എം. സുരേഷ് കുമാര്‍, ഹുസുര്‍ ശിരസ്തദാര്‍ കെ. ഒ. ഗീതാമണി, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, അസി. കോഓര്‍ഡിനേറ്റര്‍ പി. എന്‍. മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍, ഐ.ഡി.ബി. ഐ ബാങ്ക് മാനേജര്‍ പ്രീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share.

About Author

Comments are closed.