സുഗമവും സുരക്ഷിതവുമായ യാത്രയ്ക്ക് മികച്ച നിരത്തുകള് ഒരുക്കി റോഡ്സ് വിഭാഗം

0

ജില്ലയിലെ ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനായി പൊതുമരാമത്ത് നിരത്ത് വിഭാഗം ശ്രദ്ധേയമായ വിവിധ പദ്ധതികളാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ നടപ്പാക്കിയത്. ലോക പ്രസിദ്ധതീര്‍ത്ഥാടന കേന്ദ്രമായ ശബരിമലറോഡുകളുടെ പുനരുദ്ധാരണത്തിന് 435 കോടിരൂപയുടെ പ്രവൃത്തികള്‍ ക്രമീകരിച്ചതിനു പുറമെ കണമലപാലം, വള്ളംകുളം പാലം തുടങ്ങി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും കഴിഞ്ഞു. തിരുവല്ല ബൈപ്പാസ് ഉള്‍പ്പടെയുള്ള നിരവധി റോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ശബരിമല പാതയിലെ മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡ്, കണമല ഇലവുങ്കല്‍ റോഡ് എന്നിവ അറ്റകുറ്റപ്പണി നടത്തി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ ഗുണകരവും സൗകര്യപ്രദവുമായ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിതാലൂക്കിനെയും പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിനെയും ബന്ധിപ്പിക്കുന്ന കണമല പാലം തുറന്നു. എരുമേലി ദേശീയ പാതയില്‍ പമ്പ നദിക്കു കുറുകെയുള്ള കോസ്വേയ്ക്ക് പകരമായി 7.66 കോടി രൂപ ചെലവഴിച്ച് പുതിയ പാലം നിര്‍മ്മിച്ചതോടെ വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടകര്‍ അനുഭവിച്ചിരുന്ന യാത്രാ ക്ലേശത്തിന് പരിഹാരമായി. നാലു മീറ്റര്‍ വീതിയുള്ളതും വെള്ളം കയറുന്നതും ഇടുങ്ങിയതുമായ കോസ്വേയുടെ രണ്ടു വശത്തും വളവുകളുള്ള ഇടുങ്ങിയ റോഡില്‍ ഒരു സമയത്ത് വണ്‍വേ ട്രാഫിക്ക് മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. പാലം പണി പൂര്‍ത്തിയായതോടെ കണമല അപകടങ്ങളില്‍ നിന്നും ഗതാഗതക്കുരുക്കില്‍ നിന്നും മുക്തമായി. തിരുവല്ല കുമ്പഴ സംസ്ഥാന പാതയില്‍ കവിയൂര്‍, ഇരവിപേരൂര്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന വള്ളംകുളം പാലം യാഥാര്‍ത്ഥ്യമായതോടെ ഇതുവഴി സുരക്ഷിത യാത്ര സാധ്യമായി. വീതി കുറഞ്ഞ അപകടാവസ്ഥയിലുള്ള പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. രാത്രികാലങ്ങളില്‍ അപകടങ്ങള്‍ പതിവാകുകയും വാഹനങ്ങള്‍ പോകുമ്പോള്‍ കുലുക്കം അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തതോടെയാണ് പുതിയ പാലം നിര്‍മ്മിച്ചത്. പുതിയ പാലം വന്നതോടെ ശബരിമല സീസണില്‍ ഉണ്ടാവാറുള്ള ഗതാഗതക്കുരുക്കും ഇല്ലാതായി. മൂന്ന് സ്പാനുകള്‍ ഉള്‍പ്പടെ 76 മീറ്റര്‍നീളവും നടപ്പാത ഉള്‍പ്പടെ 11.05 മീറ്റര്‍ വീതിയുമുള്ള പാലമാണ് പുതിയതായി നിര്‍മ്മിച്ചത്. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന തിരുവല്ല ബൈപ്പാസിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 31.80 കോടി ചെലവു വരുന്ന റോഡിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15 ശതമാനത്തോളം പൂര്‍ത്തിയായി. എം.സി റോഡിന്‍റെ കിഴക്കു ഭാഗത്ത് മുഴുവങ്ങാട്ചിറയില്‍ നിന്നാരംഭിച്ച് രാമഞ്ചിറയില്‍ അവസാനിക്കുന്ന ബൈപ്പാസിന് 2.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കെ.പി റോഡ് നവീകരണത്തിന് 16.50 കോടി രൂപയും അടൂര്‍-കൈപ്പട്ടൂര്‍, പത്തനംതിട്ട റിംഗ് റോഡ് എന്നിവയുടെ ബി.എം ആന്‍ഡ് ബി.സി പ്രവൃത്തികള്‍ക്ക് 10 കോടി വീതവും വകയാര്‍-വള്ളിക്കോട് റോഡിന്‍റെ നവീകരണത്തിന് രണ്ടു കോടിയും മണ്ണാറക്കുളഞ്ഞി-മലയാലപ്പുഴ ക്ഷേത്രം റോഡിന്‍റെ നവീകരണത്തിന് 4.10 കോടി രൂപയും മുറിഞ്ഞകല്‍-അതിരുങ്കല്‍-കുളത്തുമണ്‍-കല്ലേലി-എലിയറയ്ക്കല്‍ റോഡുകളുടെ പുനരുദ്ധാരണത്തിനും ഞാവനാല്‍ ചെക്ക് പോസ്റ്റ് നവീകരണത്തിനും 10.93 കോടി രൂപയും കല്ലാറിനു കുറുകെ നിര്‍മിക്കുന്ന പേങ്ങാട്ടുകടവ് പാലത്തിന് മൂന്ന് കോടി രൂപയും പെരിങ്ങര പാലത്തിന്‍റെ നിര്‍മാണത്തിന് മൂന്നു കോടി രൂപയും അടൂര്‍ ടൗണിലെ ബിഎം ആന്‍റ് ബി.സി പ്രവൃത്തികള്‍ക്കായി 6.08 കോടി രൂപയും ചന്ദനപ്പള്ളി-കോന്നി റോഡിന്‍റെ ബിറ്റുമിന്‍ പ്രവൃത്തികള്‍ക്ക് 7.50 കോടി രൂപയും സീതത്തോട്-കോട്ടമണ്‍പാറ റോഡിന്‍റെ നവീകരണത്തിന് 2.48 കോടി രൂപയും ഈട്ടിച്ചുവട്-മീന്‍കുഴി-വയ്യാറ്റുപുഴ റോഡിന് 2.52 കോടി രൂപയും മീന്‍മുട്ടിക്കല്‍ തോട് പാലത്തിന് 4.85 കോടി രൂപയും ചിറ്റാര്‍-പടയണിപ്പാറ റോഡ് നവീകരണത്തിന് 5.04 കോടി രൂപയും ചിറയില്‍പടി-കല്ലുങ്കല്‍ റോഡ് നവീകരണത്തിന് 1.70 കോടി രൂപയും അനുവദിച്ചു. തിരുവല്ല-കുമ്പഴ 33 കിലോമീറ്റര്‍ റോഡ് 38 കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തിയും തുടങ്ങി.

Share.

About Author

Comments are closed.