കുവൈത്തില് ഷിയാ പള്ളിയിലുണ്ടായ ചാവേര് സ്ഫോടനത്തില് 25 പേര് കൊല്ലപ്പെട്ടു

0

കുവൈത്തില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 202 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും.തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ അല്‍ സവാബര്‍ ജില്ലയിലുള്ള ഇമാം സാദിഖ് പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കിടെയായിരുന്നു സ്ഫോടനം. റമദാനായതിനാല്‍ പള്ളിയില്‍ നല്ല തിരക്കായിരുന്നു. ഏതാണ്ട് 2000 വിശ്വാസികള്‍ പള്ളിയിലുണ്ടായിരുന്നു. നമസ്കാരത്തിനിടെ ചാവേര്‍ അകത്ത് പ്രവേശിച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പള്ളി ഇമാമിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നിലെ നിരയിലാണ് ചാവേര്‍ നിന്നത്. ഇയാള്‍ക്കടുത്ത് കസേരയില്‍ ഇരുന്ന പ്രായമായവരാണ് മരിച്ചവരിലേറെയും. മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു. ചുമരുകളും മേല്‍ക്കുരയും തകര്‍ന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് അംഗത്വമുള്ള “അല്‍ നജ്ദ് പ്രൊവിന്‍സ്’ വിഭാഗം ഏറ്റെടുത്തു. ബെല്‍റ്റ് ബോംബ് ഉപയോഗിച്ച് അബു സുലൈമാന്‍ അല്‍ മുവാഹിദ് എന്നയാളാണ് സ്ഫോടനം നടത്തിയതെന്നും സംഘടന വ്യക്തമാക്കി.ഉയര്‍ന്ന സുരക്ഷയുള്ള കുവൈത്തില്‍ പള്ളിയില്‍ സ്ഫോടനം നടന്നത് അധികൃതരെ ഞെട്ടിച്ചു. 25 പേര്‍ മരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മഹമൂദ് അല്‍ ദോസരി സ്ഥിരീകരിച്ചു. ഊര്‍ജിത അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Share.

About Author

Comments are closed.