ബിജു രമേശിന്െറ കെട്ടിടം രാജധാനി ഉടന് പൊളിക്കും

0

കോട്ടക്കകത്ത് തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ച ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിങ്സ് പൊളിക്കുന്നതിന് നടപടി പൂര്‍ത്തിയായി. ദുരന്തനിവാരണ നിയമമനുസരിച്ച് കെട്ടിടം പൊളിക്കുന്നതിനുള്ള നോട്ടീസ് ഇന്നോ നാളെയോ കെട്ടിടം ഉടമക്ക് നല്‍കും. കനാല്‍ കടന്നുപോകുന്ന ഭാഗത്തെ കെട്ടിടമാകും പൊളിക്കുക. സമീപത്തെ ജ്വല്ലറികെട്ടിടത്തിന്‍െറ ഒരു വശവും പൊളിക്കും. അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശമനുസരിച്ച് പുതിയ നോട്ടീസ് തയാറാക്കി. തെക്കനംകരകനാലിന്‍െറ പഴമയും കാലവും വെളിപ്പെടുത്തുന്ന രൂപരേഖ സഹിതമായിരിക്കും നോട്ടീസ് നല്‍കുക. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം കലക്ടര്‍ക്ക് മുമ്പാകെ കെട്ടിടമുടമ ഹാജരായി കൈയേറ്റത്തെക്കുറിച്ച് വിശദീകരണം നല്‍കണം. അഭിപ്രായം കേട്ടശേഷം കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 15 ദിവസത്തെ സമയം നല്‍കും. ഈ സമയപരിധിക്കുള്ളില്‍ സ്വമേധയാ പൊളിച്ചുമാറ്റിയില്ളെങ്കില്‍ അനന്ത ടീം തുടര്‍നടപടി സ്വീകരിക്കും. ഇതിനായി കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന ഹൈറീച്ച് ഡിമോളിഷന്‍ യന്ത്രങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളും അധികൃതര്‍ ആരംഭിച്ചു. വന്‍നഗരങ്ങളിലെ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് സമീപകാലത്ത് വികസിപ്പിച്ചെടുത്ത എന്‍ജിനീയറിങ്ങാണ് ഇവിടെയും ഉപയോഗിക്കുക. അഞ്ചുനിലകളുള്ള കെട്ടിടമാണ് തെക്കനംകര കനാലിന് മുകളില്‍ കൈയേറി നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്‍െറ മറ്റു ഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിക്കാതിരിക്കാനാണ് അത്യാധുനിക യന്ത്രം കൊണ്ടുവരുന്നത്. ഉപകരണങ്ങള്‍ എത്താന്‍ 15 ദിവസത്തോളം സമയവും വേണം. കൈയേറ്റം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് രാജധാനി ബില്‍ഡിങ്സിന് തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിനെതിരെ ബിജുരമേശ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, നോട്ടീസ് പാകപ്പിഴ നിറഞ്ഞതായിരുന്നെന്ന കോടതി നിരീക്ഷണത്തെതുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. നേരത്തേ നല്‍കിയ നോട്ടീസ് പിന്‍വലിച്ച് പുതിയ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് പുതിയ നോട്ടീസ് നല്‍കുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് ചീഫ് സെക്രട്ടറിയാണ് നോട്ടീസ് നല്‍കേണ്ടത്. അദ്ദേഹത്തിന്‍െറ അഭാവത്തില്‍ മാത്രമാണ് കലക്ടര്‍ക്ക് ചുമതല.

Share.

About Author

Comments are closed.