ന്യൂസിലന്ഡിലെ ഹൈക്കമ്മീഷണര് രവി ഥാപ്പറിനെ ഇന്ത്യ തിരിച്ചു വിളിച്ചു

0

വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിനെ ഇന്ത്യ തിരിച്ചു വിളിച്ചു. രവി ഥാപ്പറിന്റെ ഭാര്യ ശര്‍മിള ഥാപ്പര്‍ മര്‍ദ്ദിച്ചുവെന്നും അടിമയെപ്പോലെയാണ് കണക്കാക്കുന്നതെന്നും ആരോപിച്ച് ഹൈക്കമ്മീഷണറുടെ പാചകക്കാരനാണ് ന്യൂസിലന്‍ഡ് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതി എഴുതി നല്‍കിയിട്ടില്ല. ന്യൂസിലന്‍ഡ് പൊലീസിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഥാപ്പറിനെ തിരിച്ചു വിളിച്ചത്.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതു വരെ ഥാപ്പറെ ഡല്‍ഹിയിലെ മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.മെയ് മാസത്തിലാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. രാത്രി ശാരീരിക പീഡനം ഉണ്ടായതിനെതുടര്‍ന്ന് ഹൈക്കമ്മീഷ്ണറുടെ വെല്ലിങ്ടണ്‍ വീട്ടില്‍നിന്നും ഇയാള്‍ ഇറങ്ങിപ്പോവുകയായിരുന്നു. നിരത്തുകളിലൂടെ മാനസിക നില തെറ്റിയ നിലയില്‍ അലഞ്ഞ് നടക്കുകയായിരുന്ന പരാതിക്കാരനെ നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പാചകക്കാരനാണെന്നും ഹൈക്കമ്മീഷണറുടെ ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. മെയ് 10 ന് ഇയാളെ കാണാനില്ലെന്ന് കാട്ടി രവി ഥാപ്പര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന്, ഇയാള്‍ കസ്റ്റഡിയിലുണ്ടെന്നും ഹൈക്കമ്മീഷണര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ന്യൂസിലന്‍ഡ് ഇന്ത്യയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അന്വേഷിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും ജോലിക്കാരന്റെ ആവശ്യപ്രകാരം അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2013 ഡിസംബറിലാണ് ഥാപ്പര്‍ ന്യൂസിലന്‍ഡില്‍ ചുമതലയേല്‍ക്കുന്നത്.മുമ്പ് അമേരിക്കയിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്ന ദേവയാനി ഖോബ്രഗഡെ വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന പേരില്‍ അമേരിക്കയില്‍ അറസ്റ്റിലായിരുന്നു. ഇവരെ വിവസ്ത്രയാക്കി പരിശോധിച്ചതും മറ്റ് തടവുകാരോടൊപ്പം പാര്‍പ്പിച്ചതും വിവാദമായിരുന്നു.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്ന നിലയില്‍ വരെ എത്തിയിരുന്നു.

 

Share.

About Author

Comments are closed.