സംവിധായകൻ തേവലക്കര ചെല്ലപ്പൻ അന്തരിച്ചു

0

സിനിമാ സംവിധായകൻ തേവലക്കര ചെല്ലപ്പൻ (68) നിര്യാതനായി. വൃക്കരോഗം മൂലം ദീർഘകാലമായി ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി ഏഴിനു മനക്കരയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. അതിനുമപ്പുറം, ആളൊരുങ്ങി അരങ്ങൊരുങ്ങി, അധോലോകം, കള്ളൻ കപ്പലിൽ തന്നെ, മിസ്സ്. പമീല, നഗരത്തിൽ സംസാരവിഷയം തുടങ്ങി പതിനാലോളം സിനിമകളും ഏതാനും സീരിയലുകളും സംവിധാനം ചെയ്ത ചെല്ലപ്പൻ നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സഹസംവിധായകനായിരുന്നു. കൊല്ലത്തെ തേവലക്കര ഗ്രാമത്തിൽ കുഞ്ഞില, കൊച്ചിക്ക ദമ്പതികളുടെ മകനായി ജനിച്ച ചെല്ലപ്പൻ എഴുപതിൽ സിനിമാക്കമ്പം മൂത്തു മദ്രാസിലേക്ക് വണ്ടികയറി.കയ്യക്ഷര മികവുമൂലം സിനിമാ കഥയെഴുത്തുകാരുടെ സഹായിയായാണു തുടങ്ങിയത്. പിന്നീടു സഹസംവിധായകനായി. ജോഷി, ശശികുമാർ, പി.ജി. വിശ്വംഭരൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് മേക്കർമാരുടെ സഹസംവിധായകനായിരുന്നു. പ്രശാന്ത് എന്ന പേരിലും ചലച്ചിത്രങ്ങളും സീരിയലുകളും സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുമായി അടുത്ത ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ചെല്ലപ്പനു സമീപകാലത്ത് അദ്ദേഹം ചികിൽസാ സഹായം എത്തിച്ചിരുന്നു.മൂന്നുവർഷം മുൻപു ബാധിച്ച വൃക്കരോഗമാണു ചെല്ലപ്പനെ തളർത്തിയത്. സംസ്കാരം ഇന്നു നാലിനു ഭരണിക്കാവിൽ ബന്ധുവീടായ സിആർ ഭവനിൽ. ഭാര്യ: ഗീത. മക്കൾ: പ്രതിഭ, അനന്തു. മരുമകൻ: ബിനോയ്.

Share.

About Author

Comments are closed.