ഓട്ടോറിക്ഷ എന്ന അത്ഭുതജീവി ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്. വിദേശികള്‍ ഈ വാഹനത്തെ അപകടകാരി എന്നും സുരക്ഷിതത്വത്തെക്കുറിച്ച് ബോധമില്ലാത്ത ഇന്ത്യക്കാരന്റെ വാഹനം എന്നുമെല്ലാം കളിയാക്കാറുണ്ടെങ്കിലും ഇന്നും മൂന്ന് ചക്രങ്ങളില്‍ കുത്തിത്തിരിയുന്ന നമ്മുടെയെല്ലാം ജീവിതത്തോട് ഈ വാഹനം അങ്ങേയറ്റം നീതി പുലര്‍ത്തുന്നു ബജാജ് ഓട്ടോയാണ് ഇന്ത്യയിലും തൊട്ടടുത്ത അയല്‍പ്രദേശങ്ങളിലുമെല്ലാം ഓട്ടോറിക്ഷയുടെ വിപണി കൈയടക്കി വെച്ചിരിക്കുന്നത്. പ്യാജിയോയും മഹീന്ദ്രയുമെല്ലാം ഓട്ടോറിക്ഷ വിപണിയില്‍ മത്സരം നിലനിര്‍ത്തുന്നു. ഈ ഓട്ടോറിക്ഷാ കുത്തകകളെയെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള ഒരുത്തന് സ്വീഡനില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നതായും ഇന്തോനീഷ്യ വരെ എത്തിച്ചേര്‍ന്നതായും വാര്‍ത്തകള്‍ പറയുന്നു. ഇന്തോനീഷ്യയില്‍ എത്തി എന്നതിനര്‍ത്ഥം ഇന്ത്യയിലേക്ക് അധികം ദൂരമില്ല എന്നതുകൂടിയാണല്ലോ. എന്തായാലും, ക്ലീന്‍ മോഷന്‍ സെഡ്ബീ ഇലക്ട്രിക് ഓട്ടറിക്ഷ എന്നു പേരുള്ള ഈ മുച്ചക്രവണ്ടിയെ നമുക്കൊന്ന് പരിചയപ്പെട്ടു വെക്കാം.
80 ദശലക്ഷം ഇന്തോനീഷ്യന്‍ റുപ്പിയ ആണ് സെഡ്ബീയുടെ വില. ഇതിനെ ഇന്ത്യന്‍ നിലവാരത്തിലേക്ക് മാറ്റിയാല്‍ 4.88 ലക്ഷം രൂപ. ഇലക്ട്രിക് സാങ്കേതികതയിലുള്ള ഈ വാഹനത്തിന് ന്യായമായ വിലയാണിത് എന്നു പറയാം.
എന്നാല്‍, ഇതേ വിലയില്‍ ആള്‍ട്ടോ പോലൊരു വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പ് വാങ്ങിച്ചിടാം എന്നതും കാണണം. ഇന്ത്യയില്‍ കാബ് കമ്പനികള്‍ക്കും മറ്റും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാവുന്നതാണെങ്കിലും ചില തടസ്സങ്ങള്‍ കാണാതിരുന്നുകൂടാ.
35 കിലോമീറ്ററാണ് സെഡ്ബീയുടെ ഒറ്റ ബാറ്ററി പാക്കോടെ വരുന്ന പതിപ്പിന്റെ റേഞ്ച്. ഇത് പ്രായോഗികത കുറയ്ക്കുന്നു. 230 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. പരമാവധി വേഗത, മണിക്കൂറില്‍ 45 കിലോമീറ്റര്‍. ഇന്ത്യന്‍ നഗരങ്ങള്‍ കുറെക്കൂടി വളരേണ്ടിയിരിക്കുന്നു ഇത്തരമൊരു വാഹനത്തെ ഉള്‍ക്കൊള്ളാന്‍.ഫാക്ടറിക്കുള്ളിലും മറ്റും ക്വാഡ്രിസൈക്കിള്‍ പോലെ ഉപയോഗിക്കാന്‍ എന്തുകൊണ്ടും യോജിച്ചതാണ് ഈ വാഹനംരണ്ട് ബാറ്ററി പാക്ക് ഉള്ള പതിപ്പും ലഭ്യമാണ്. 70 കിലോമീറ്ററാണ് ഈ പതിപ്പിന്റെ റേഞ്ച്. ഇതിന് സ്വാഭാവികമായും വില അധികമായിരിക്കും.