ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ 200 കോടിയുടെ ഡ്രൈനേജ് പദ്ധതി

0

al-maktoumAl-Maktoum-International-Airport

അൽ മക്‌തൂം രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് 200 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കും. മഴയെത്തുടർന്നുള്ള വെള്ളക്കെട്ട് ഇല്ലാതാക്കാനും മലിനജലം കടലിലേക്ക് ഒഴുക്കിക്കളയാനും ഏറ്റവും നൂതനരീതിയിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഒരുക്കുക. 400 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് അടുത്തവർഷം മുനിസിപ്പാലിറ്റി തുടക്കമിടും. വെള്ളം ശേഖരിച്ചു കൂറ്റൻ ടണലിലൂടെ കടലിലേക്ക് ഒഴുക്കിക്കളയുകയാണു ചെയ്യുക. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. വിമാനത്താവളത്തിൽ ഏറ്റവും നൂതന സൗരോർജ സംവിധാനമൊരുക്കാൻ ദുബായ്‌ എയർപോർട്‌സും ദുബായ്‌ ഇലക്‌ട്രിസിറ്റി ആൻഡ്‌ വാട്ടർ അതോറിറ്റി(ദീവ)യും തമ്മിൽ അടുത്തിടെ ധാരണയിലെത്തിയിരുന്നു.

Dubai Al Maktoum second airport AFP 20131027 uae-68451

ദീവ ഗ്രിഡുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ആദ്യത്തെ സോളർ പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്.പ്രത്യേകമായി രൂപകൽപന ചെയ്‌ത നൂറു സൗരോർജ പാനലുകളാണ്‌ വിമാനത്താവളത്തിൽ സ്‌ഥാപിക്കുക. ജീവനക്കാർക്കുള്ള പ്രവേശന കവാടത്തിലെ സംവിധാനങ്ങൾക്കാണ്‌ മുഖ്യമായും ഇതുപയോഗപ്പെടുത്തുന്നത്. കെട്ടിടത്തിന്റെ മേൽക്കൂരയിൽ സൗരോർജപാളികൾ സജ്‌ജമാക്കി സൂര്യപ്രകാശം ആഗിരണം ചെയ്യുന്നു. 30 കിലോവാട്ട്‌ വൈദ്യുതി ഉൽപാദിപ്പിക്കാനാകും. കെട്ടിടത്തിനു വേണ്ടിവരുന്ന വൈദ്യുതിയുടെ മൂന്നിൽ രണ്ടു ഭാഗം വരുമിത്.അതേസമയം, പൊതുജനാരോഗ്യം മുൻനിർത്തി മാലിന്യസംസ്‌കരണ ചട്ടങ്ങൾ കർശനമായി നടപ്പാക്കാൻ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്‌ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഉത്തരവിട്ടു. ഇതിനായി ശിക്ഷാ നടപടികൾ കൂടുതൽ കർശനമാക്കി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി. മാരക മാലിന്യങ്ങൾ, കെട്ടിടങ്ങൾ പൊളിച്ച അവശിഷ്‌ടങ്ങൾ, വ്യാവസായിക മാലിന്യങ്ങൾ തുടങ്ങിയവ പൊതുജനാരോഗ്യത്തെയും നഗരസൗന്ദര്യത്തെയും ബാധിക്കാതെ സംസ്‌കരിക്കണം. മലിനജലവും ശാസ്‌ത്രീയ രീതിയിൽ സംസ്‌കരിക്കാൻ നടപടിയെടുക്കണം. ചട്ടം ലംഘിച്ചാൽ ഒരുലക്ഷം ദിർഹമാണു പിഴ. കെട്ടിടങ്ങളുടെ സെപ്‌റ്റിക് ടാങ്കോ മലിനജല നിർഗമന സംവിധാനമോ ചോർന്നൊലിച്ചാൽ 10,000 ദിർഹം പിഴയായി ഈടാക്കും. കോൺക്രീറ്റ് മിക്‌സിങ് ട്രാൻസ്‌പോർട്ട് ട്രക്കുകളിൽ ഖര–ദ്രവ വസ്‌തുക്കൾ ചോർന്നാൽ 50,000 ദിർഹം പിഴ നൽകണം. ഉപയോഗിച്ച എണ്ണയോ മറ്റു മാലിന്യങ്ങളോ മലിനജല നിർഗമനത്തിനുള്ള പൊതുസംവിധാനങ്ങളിലോ റോഡുകളിലോ നിക്ഷേപിച്ചാൽ 3000 ദിർഹമാണു പിഴ. മഴവെള്ളം സംഭരിച്ചു ഭൂഗർഭജലനിരപ്പ് ഉയർത്താനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്. അബുദാബിയിലെ മസ്‌ദർ ഇതിനായി പഠന–ഗവേഷണങ്ങൾ നടത്തുന്നുണ്ട്. കൂടുതൽ ശുദ്ധജല സംഭരണികൾ സജ്‌ജമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. കടൽവെള്ളം ശുദ്ധീകരിച്ചാണ് രാജ്യത്തു കുടിവെള്ള ആവശ്യം ഉൾപ്പെടെ നിറവേറ്റുന്നത്. മലിനജലം സംസ്‌കരിച്ചു പൂന്തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഉപയോഗപ്പെടുത്തുന്നു. കൃഷിയിടങ്ങളിൽ ജലസേചനത്തിനും മറ്റുമായി വൻതോതിൽ ജലം ഉപയോഗിക്കുന്നതു ഭൂഗർഭ ജലശേഖരത്തെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ജലസേചനത്തിന് പ്രതിവർഷം 86,000 കോടി ലീറ്റർ വെള്ളം ഉപയോഗിക്കുന്നതായാണു കണക്ക്.

Share.

About Author

Comments are closed.