കണ്ണന്റെ കൊമ്പുകള് ജയറാമിന് സ്വന്തം

0

ആന പ്രേമിയാണ് ജയറാം. 2013ല്‍ ചെരിഞ്ഞ തന്റെ പ്രിയപ്പെട്ട ആനയുടെ കൊമ്പ് കൈവശം വയ്ക്കാനുള്ള അവകാശം ജയറാമിനു ലഭിച്ചു. തിരുവാണിക്കാവ് ജയറാം കണ്ണന്‍ എന്ന പെരുമ്പാവൂര്‍ കണ്ണന്റെ കൊമ്പുകള്‍ കൈവശം വെക്കാനുള്ള അവകാശമാണ് നടന്‍ സ്വന്തമാക്കിയത്. കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ഒറ്റപ്പാലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ നേരിട്ടെത്തി, അദ്ദേഹം കൊമ്പുകള്‍ഏറ്റുവാങ്ങുകയായിരുന്നു.റെയ്ഞ്ച് ഓഫീസര്‍ വി. അജയ്‌ഘോഷില്‍നിന്നും ചൊവ്വാഴ്ചയാണ് ജയറാം കൊമ്പുകള്‍ ഏറ്റുവാങ്ങിയത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ജി. ഹരികുമാറിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് അനുവാദം ലഭിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറ്റപ്പാലത്ത് ഷൂട്ടിംഗിന് എത്തിയപ്പോഴാണ് ജയറാം ആദ്യമായി കണ്ണനെ കാണുന്നത്. തുടര്‍ന്ന് ഉടമയായ വാണിയംകുളം മനിശ്ശീരി സ്വദേശി ഹരിയില്‍നിന്ന് വാങ്ങുകയായിരുന്നു. പിന്നീട് ആനയുടെ ഉടമസ്ഥാവകാശം തിരുവാണിക്കാവ് ക്ഷേത്രവുമായും പങ്കുവച്ചു. അന്നുമുതല്‍ തിരുവാണിക്കാവ് ജയറാം കണ്ണന്‍ എന്ന പേരില്‍ ആന അറിയപ്പെടാന്‍ തുടങ്ങി.സര്‍ക്കാരിന്റെ സ്വത്തായ കൊമ്പ് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ രൂപമാറ്റം വരുത്താനോ പാടില്ല എന്ന നിബന്ധനയിലാണ് കൈമാറിയിരിക്കുന്നത്.പട്ടാഭിഷേകം, മനസ്സിനക്കരെ, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച കണ്ണന്‍, ക്ഷേത്രോത്സവങ്ങളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു. തളര്‍വാതം പിടിപെട്ട് 2013 ആഗസ്ത് 11നാണ് ആന ചെരിഞ്ഞത്.

Share.

About Author

Comments are closed.