ക്രിക്കറ്റിലും കളിക്കനുസരിച്ച് പ്രതിഫലം നല്കാന് ആലോചന

0

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കനുസരിച്ച് പ്രതിഫലം നല്‍കുന്ന കാര്യം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ) ആലോചിക്കുന്നു. മാച്ച് ഫീസിനു പുറമെ, മത്സരത്തിലെ പ്രകടനത്തിനനുസരിച്ച് ഇന്‍സെന്റീവ്‌സ് (പ്രോത്സാഹന സമ്മാനം) നല്‍കാനാണ് ആലോചന. വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.എതിരാളി, കളി നടക്കുന്ന സ്ഥലം, കളിക്കുന്ന സാഹചര്യം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ പരിഗണിച്ചാവും തുക നിശ്ചയിക്കുക. നിലവില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഈ രീതിയിലാണ് കളിക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഇന്ത്യയിലും ഈ രീതി നടപ്പാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപി.എല്‍) ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ സുന്ദരരാമനാണ് ഇതിന്റെ കരടുരൂപം ബുധനാഴ്ച നടന്ന ബി.സി.സി.ഐ. യോഗത്തില്‍ അവതരിപ്പിച്ചത്.ഇപ്പോള്‍ പ്രധാന ടൂര്‍ണമെന്റുകളിലെ വിജയത്തിന് കളിക്കാര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് കൈനിറയെ പണം നല്‍കുന്നുണ്ട്. ഇത് പ്രകടനത്തെയും സമീപനത്തെയും ബാധിക്കുന്നതായും പരാതിയുണ്ട്. അതുകൊണ്ടാണ് നന്നായി കളിക്കുന്നവര്‍ക്ക് കൂടുതല്‍ പണം എന്ന രീതിയിലേക്ക് മാറുന്നത്. വിദേശ പിച്ചിലെ പ്രകടനത്തിന് കൂടുതല്‍ പണം നല്‍കും. അതേപോലെ ശക്തരായ ടീമിനെതിരെ നന്നായി കളിക്കുന്നവര്‍ക്കും നിര്‍ണായകഘട്ടത്തിലെ മികച്ച പ്രകടനത്തിനും പ്രതിഫലം കൂടും. വനിതാ ക്രിക്കറ്റര്‍മാരെ രണ്ട് ഗ്രേഡായി തിരിക്കാനാണ് തീരുമാനം. ‘എ’, ‘ബി’ എന്നീ രണ്ട് ഗ്രേഡിലാകും കളിക്കാരെ ഉള്‍പ്പെടുത്തുക. ‘എ’ ഗ്രേഡുകാര്‍ക്ക് 10 ലക്ഷവും ‘ബി’ ഗ്രേഡുകാര്‍ക്ക് 5 ലക്ഷവും വാര്‍ഷിക അലവന്‍സ് ലഭിക്കും.

Share.

About Author

Comments are closed.