നാളെ ഇന്ധന ബഹിഷ്കരണദിനം

0

സംസ്ഥാനത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിന് എന്‍.ഒ.സി നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്ന് പമ്പ് ഉടമകളുടെ സംഘടനയായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് എം. തോമസ് വൈദ്യന്‍, സെക്രട്ടറി എം. രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.ബി. റാം കുമാര്‍, കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശബരീനാഥ്, ജോഷി ചാക്കോ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.എണ്ണക്കമ്പനികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ച് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് ഇന്ധന ബഹിഷ്‌കരണ ദിനമായി ആചരിക്കുമെന്നും ഇവര്‍ പറഞ്ഞു. 24 മണിക്കൂര്‍ നീണ്ടു നിലക്കുന്ന പ്രതിഷേധ സമരം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. അനുകൂലമായ നിലപാടുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമരസമിതി വ്യക്തമാക്കി.പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിന് എന്‍.ഒ.സി നല്‍കാന്‍ അതതു ജില്ലാ കലക്ടര്‍മാര്‍ക്കാണ് നിയമപരമായി ചുമതലയെന്നിരിക്കെ എ.ഡി.എമ്മുമാരാണ് ഇവ നല്‍കി വരുന്നത്. എറണാകുളം തൃക്കാക്കരയില്‍ എ.ഡി.എം രാമചന്ദ്രന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ സംഭവത്തില്‍ ഒരു പെട്രോളിയം ഡീലറെയും വിജിലന്‍സ് കേസില്‍ സാക്ഷിയാക്കിയിട്ടുണ്ട്. എന്‍.ഒ.സിയുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ ഡീലറോടും പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണണമെന്നും എ.കെ.എഫ്.പി.ടി പ്രസിഡന്റ് എം.തോമസ് വൈദ്യന്‍ പറഞ്ഞു.
പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ളതും നാളിതുവരെ കമ്മിഷന്‍ ചെയ്തിട്ടില്ലാത്തതുമായ മുഴുവന്‍ എന്‍.ഒ.സികളും പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.നിലവില്‍ സംസ്ഥാനത്തു 1890 പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ 78 ലധികം പമ്പുകള്‍ക്കാണ് സര്‍ക്കാര്‍ പുതിയ അനുമതി നല്‍കിയിരിക്കുന്നത്. സ്വകാര്യ കമ്പനികളുടെ കടന്നു വരവിനെ സഹായിക്കുന്ന തരത്തിലുള്ളതാണ് എണ്ണക്കമ്പനികളുടെയും സര്‍ക്കാരിന്റെയും നടപടികള്‍. പുതിയ പമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലുള്ളവയുടെ വ്യാപാര വരുമാന സ്ഥിരത ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, വില്‍പ്പനാനുസരണമായി വസ്തുവിന്റെ വാടക വര്‍ധിപ്പിക്കുക, കമ്പനികള്‍ക്കു നല്‍കിയ അവകാശപ്പത്രിക അംഗീകരിക്കുക, ഇന്ത്യ ഗവണ്‍മെന്റ് നല്‍കുന്ന എക്‌സ്‌പ്ലോസീവ് ലൈസന്‍സിന്റെ കാലാവധി തീരുന്നതു വരെ മറ്റു ലൈസന്‍സുകള്‍ വര്‍ഷം തോറും പുതുക്കുന്നത് ഒഴിവാക്കുക, ടെര്‍മിനലില്‍ നിന്നും നല്‍കുന്ന ഇന്ധനത്തിന്റെ അളവ് കൃത്യമാക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നീ ആവശ്യങ്ങളും ഉടമകള്‍ ഉന്നയിച്ചു.നിലവില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന പമ്പുകളുടെ വസ്തുക്കള്‍ കമ്പനികള്‍ ഉപാധികളില്ലാതെ ഉടമകള്‍ക്കു തിരിച്ചു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ബാങ്കുകള്‍ ഈടാക്കുന്ന ഹാന്‍ഡ്‌ലിങ് ചാര്‍ജുകള്‍ ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്ത ഡീലര്‍മാര്‍ക്ക് അവരുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ അടിയന്തിര സഹായം നല്‍കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Share.

About Author

Comments are closed.