പൊലിസില് ഗവേഷണത്തിനും വികസനത്തിനുമായി പുതിയ ടീം

0

ടി.പി സെന്‍കുമാര്‍ ഡി.ജി.പിയായി ചുമതലയേറ്റതിനു ശേഷമുള്ള പൊലിസിലെ പരിഷ്‌കാര നടപടികള്‍ തുടരുന്നു. ഗവേഷണത്തിനും വികസനത്തിനുമായി പുതിയ ടീമുകള്‍ രൂപീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യുന്നതിന് വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പൊലിസ് ഉദ്യോഗസ്ഥരെയും വകുപ്പിനു പുറത്തുള്ള അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക-സാമൂഹിക വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ രൂപവത്കരിക്കുന്നത്.പൊലിസ് ഉദ്യോഗസ്ഥര്‍ ദിനംപ്രതി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യം നേടുകയും കൂടുതല്‍ പുരോഗമനപരമായ ആശയങ്ങളും നടപടികളും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. സംസ്ഥാന തലത്തിലും റേഞ്ച് തലത്തിലും റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ടീമുകള്‍ ഉണ്ടാക്കും. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ മേഖലകളില്‍ പ്രത്യേക താല്‍പര്യവും പ്രാവീണ്യവും ഉള്ളവരായിരിക്കുമെങ്കിലും വകുപ്പിലെ നിലവിലുള്ള അധികാര ശ്രേണി പ്രകാരം പലപ്പോഴും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വൈദഗ്ദ്ധ്യമോ കൂടുതല്‍ പുരോഗമനപരമായ നടപടികളോ മുന്നോട്ടുകൊണ്ടുവരാനാകാത്ത സ്ഥിതിയുണ്ട്.കൂടാതെ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥര്‍, മറ്റ് സാങ്കേതിക, സാമൂഹിക മേഖലകളില്‍ നിന്നുള്ളവരും, സാമൂഹിക പ്രതിബദ്ധതയുള്ളവരുമായ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, നിയമം, ശാസ്ത്രീയ പഠനശാഖകള്‍ തുടങ്ങിയവയില്‍ നിന്നുള്ളവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ സംഭാവന നല്‍കാനുള്ള അവസരങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫോറന്‍സിക്‌സ്, ശാസ്ത്രീയ കുറ്റാന്വേഷണം, നിയമം, വാഹനഗതാഗതം, ആശയവിനിമയം, ആള്‍ക്കൂട്ട നിയന്ത്രണം, വിവിധ ഭാഷാ പഠനം, മാധ്യമം, സ്‌പോര്‍ട്‌സ്, കല, ആരോഗ്യം, ഭരണനിര്‍വഹണം, ഭാവി വികസനം, കെട്ടിടങ്ങള്‍, പരിശീലനം, ദുരന്ത നിവാരണം, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതും നശിപ്പിക്കുന്നതും, റോഡ് സുരക്ഷ, പൊലിസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, മറ്റ് വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യവും താല്‍പര്യവുമുള്ളവരെയാണ് ടീമിന്റെ ഭാഗമാക്കുന്നത്.ഓരോ ടീമിലേക്കും വരാന്‍ താല്‍പര്യവും അഭിരുചി തെളിയിച്ചിട്ടുള്ളവരുമായ ഏതു ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും സ്വമേധയാ ഈ ടീമില്‍ അംഗമാകാം. തികച്ചും സന്നദ്ധ സേവനമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. അതത് മേഖലകളില്‍ ലഭ്യമായ എല്ലാ വിവരങ്ങളും പുതുതായി നടപ്പാക്കേണ്ട സംവിധാനങ്ങളും സാര്‍വദേശീയ തലത്തില്‍തന്നെ ലഭ്യമായ വിവരങ്ങളെയും വിഭവങ്ങളെയുംപറ്റി ടീമംഗങ്ങള്‍ വിവരശേഖരണം നടത്തുകയും ആശയങ്ങള്‍ പങ്കുവെച്ച് ക്രോഡീകരിച്ച് വകുപ്പിന് ഏറ്റവും ഉതകുന്ന വിധത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യം. ആവശ്യമെങ്കില്‍ അതത് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള വിവാദരഹിതരായ പുറത്തുള്ള വ്യക്തികളില്‍ നിന്നു ഇത്തരം കാര്യങ്ങളില്‍ ഉപദേശങ്ങള്‍ സ്വീകരിക്കും.പൊലിസ് വകുപ്പിലെ കഴിവുറ്റ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ നിത്യേന ചെയ്യുന്ന കര്‍ത്തവ്യങ്ങള്‍ക്കു പുറമെ കൂടുതല്‍ മനഃസംതൃപ്തി നല്‍കുന്ന വിഷയങ്ങള്‍ ഗഹനമായി പഠിക്കുന്നതിനും അത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇത്തരം ടീമുകളെ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ പറഞ്ഞു. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ യൂനിറ്റ് മേധാവികള്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ഈ മാസം തന്നെ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share.

About Author

Comments are closed.