അറുപതുകളില്‍ കൈരളക്ക് ലഭിച്ച അനുഗൃഹീത ഗായികയാണ് മാധുരി. അന്യഭാഷാ ഗായികമാരില്‍ മലയാള ഭാഷ നന്നായി പഠിച്ചശേഷം പാട്ടുകള്‍ പാടാന്‍ തുടങ്ങിയതും ഈ ഗായിക തന്നെ.
1941 ല്‍ തൃശ്ശിനപള്ളിയില് പാഴൂര്‍ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. സംഗീത പാരന്പര്യമുള്ള കുടുംബമായിരുന്നു അത്. അമ്മ ശാരദാംബാളില്‍ നിന്നും സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. വിവാഹിതയായി ഡല്‍ഹിയില്‍ താമസിക്കവെ ശങ്കരശര്മ്മയില് നിന്നും സംഗീതാഭ്യസനം തുടര്‍ന്നു. സംഗീത വിദ്വാനും നാടക സംവിധായകനുമായ സുബ്ബഡുവാണ് മാധുരിയെ ദേവരാജന്‍ പരിചയപ്പെടുത്തിയത്. സുബ്ബഡുവിന്റെ ഇന്‍ഡ്യന്‍ അമച്വര്‍ നാടക സമിതിയിലെ പിന്നണിഗായികയായി തമിഴ്നാട്ടില്‍ വന്നപ്പോള്‍ ദേവരാജന്‍ മധുരിയുടെ പാട്ട് കേള്‍ക്കാനിടയായി. മലയാളം നന്നായി പഠിച്ചു വരാന്‍ ദേവരാജന്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ മലയാളിയായ ശ്യാമാനായരില് നിന്നും മലയാളം നന്നായി പഠിച്ചു. മദ്രാസ്സിലേക്ക് സ്ഥലം മാറി വന്നപ്പോള്‍ ഗസലും ഹിന്ദുസ്ഥാനിയുമൊക്കെ ഗ്രഹിച്ചു. അര്‍പ്പണബോധത്തോടെ മലയാളത്തെയും പാട്ടിനേയും സ്നേഹിച്ച മാധുരിക്ക് ചലച്ചിത്രത്തില്‍ ആദ്യമായി അവസരം കൊടുത്തത് ദേവരാജനാണ്.
1969 ല്‍ പുറത്തു വന്ന കടല്‍പ്പാലം എന്ന ചിത്രത്തില്‍ കസ്തൂരിത്തൈലമിട്ട് എന്ന പാട്ടാണ് മാധുരി ആദ്യമായി പാടിയത്. ആസ്വാദകര്‍ ഈ ശബ്ദം സ്വീകരിച്ചതിനാല്‍ ആ വര്‍ഷം തന്നെ കുമാരസംഭവത്തിലെ പ്രിയസഖിഗംഗേ എന്ന പാട്ട് പാടാനും ദേവരാജന്‍ അവസരം നല്കി. അതോടെ മാധുരി ചലച്ചിത്ര ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.
ഇന്നെനിക്ക് പൊട്ടുകുത്താന്‍ (ഗുരുവായൂര്‍ കേശവന്), കണ്ണാ ആലിലക്കണ്ണാ (ദേവീ കന്യാകുമാരി), ചന്ദ്രകളഭൺ ചാര്‍ത്തി (കൊട്ടാരം വില്‍ക്കാനുണ്ട്), പ്രാണനാഥ നെനിക്കു (ഏണിപ്പടികള്‍), തന്പ്രാന് കൊടുത്തത് (സിന്ദൂരച്ചെപ്പ്) തുടങ്ങി ശ്രദ്ധേയങ്ങളായ പല പാട്ടുകളും മാധുരി പാടിയിട്ടുണ്ട്.
തമിഴ് – കന്നട ഗാനങ്ങള്‍ ഉള്‍പ്പെടെ 700-ലേറെ പാട്ടുകളും ഏതാനും നാടകഗാനങ്ങളും ലളിതഗാനങ്ങളും മാധുരി പാടിയിട്ടുണ്ട്. പ്രാണനാഥന് എനിക്ക് നല്കിയ എന്ന പാട്ടില്‍ 1973 ലും, രാരീരം പാടുന്നു എന്ന പാട്ടിന് 1978 ലും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു.
നാല് പതിറ്റാണ്ടിലേറെക്കാലമായി തന്റെ ശബ്ദമാധുരി കൊണ്ട് മലയാള ചലച്ചിത്രഗാനരംഗത്തെ സന്പന്നമാക്കിയ ഗായികയാണ് മാധുരി. ജി ദേവരാജന്‍ ശക്തിഗാഥ പുരസ്ക്കാരം 2015 ന് അര്‍ഹയായ ഈ ഗാനപ്രതിഭയെ ശക്തിഗാഥ അഭിവാദ്യം ചെയ്യുന്നു.
റിപ്പോര്‍ട്ട് – വീണാശശിധരന്