വിജയ് പ്രകാശ് മലയാളത്തിൽ പാടുകയാണ്.

0

തെന്നിന്ത്യൻ സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായകനാണ് വിജയ് പ്രകാശ്. ഓസ്കാർ ലഭിച്ച ജയ്ഹോ എന്ന ഗാനം ആലപിച്ച ഗായകരിൽ ഒരാളായ വിജയ് പ്രകാശ് മലയാളത്തിൽ പാടുകയാണ്. ഗോപിസുന്ദർ ഈണം നൽകുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർളിക്ക് വേണ്ടിയാണ് വിജയ് പാടുന്നത്. ഗോപിസുന്ദർ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രവും ഗോപി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകൻ ഷാൻ ഈ ചിത്രത്തിൽ ഗായകനാകുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പ്രണയ കഥയാണ് ചാർളി. ബാംഗ്ലൂർ ഡെയ്സിലെ സൂപ്പർഹിറ്റ് ജോഡിയായിരുന്ന പാർവ്വതി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർളി. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനേയും പാർവ്വതിയേയും കൂടാതെ അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവർ ചേർന്നാണ് ചാർളി നിർമ്മിക്കുന്നത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഉടൻ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും.

Share.

About Author

Comments are closed.