കഴിഞ്ഞ വര്‍ഷം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനായി നടത്തിയ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ ആദ്യമായി വിട്ടുനിന്നു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യ ‘സുരക്ഷിത’ നിലപാട് സ്വീകരിച്ചത്. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി കൂടിയാവും മോദി.
യൂറോപ്യന്‍ യൂണിയന് അടക്കം യു.എന്നിലെ 41 രാജ്യങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഇന്ത്യയെ കൂടാതെ എത്യോപ്യ, കെനിയ, പരാഗ്വേ, മാസിഡോണിയ എന്നീ നാല് രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഗാസയിലെ യുദ്ധ കുറ്റങ്ങള്‍ക്ക് ഇസ്രായേലും പാലസ്തീനും കുറ്റക്കാരെ വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി ഇസ്രായേലിന് ഇതുവരെ ഉണ്ടാവാത്ത നേട്ടമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അവിടത്തെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലസ്തീനിന്റെ കാര്യത്തില്‍ ഇന്ത്യ ദീര്‍ഘനാളായി സ്വീകരിച്ചു വരുന്ന നിലപാടില്‍ മാറ്റമില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. ഗാസയിലെ ആക്രമണത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. നയതന്ത്ര ബന്ധത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ച നടത്താനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മാത്രമല്ല, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം, ഗാസ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ തന്നെ മറ്റൊരു അന്വേഷണത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
ഇസ്രായേലിന്റെ ഗാസ ആക്രമണം വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു
0
Share.