ഇറാൻ ബോട്ടിലെ വല മുറിച്ചു മാറ്റിയതിൽ ദുരൂഹത. ഇതേക്കുറിച്ച് നാവികസേനയും തീരസംരക്ഷണസേനയും അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽ നിന്ന് ബോട്ട് പിടികൂടുമ്പോൾ മീൻപിടിക്കാനുള്ള വല അറുത്തുമാറ്റിയ നിലയിലായിരുന്നു. ശേഷിക്കുന്ന ഭാഗം ബോട്ടിൽ ചുറ്റിയ നിലയിലും. വല മുറിച്ചുമാറ്റാതെ മുന്നോട്ടുപോകാൻ കഴിയാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നാണ് ബോട്ടിലുണ്ടായിരുന്നവരുടെ വിശദീകരണം. ഈ വല കണ്ടെടുക്കാനാണ് തീരസംരക്ഷണസേനയുടെ ശ്രമം. അപകടകരമായ വസ്തുക്കളോ കള്ളക്കടത്ത് സാധനങ്ങളോ വലയിൽ കെട്ടി ഉപേക്ഷിക്കാനുള്ള സാധ്യത അന്വേഷണ ഏജൻസികൾ തള്ളിക്കളയുന്നില്ല.ഉപഗ്രഹ ഫോണിനെ സംബന്ധിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എവിടെനിന്നാണ് ഫോൺ കിട്ടിയതെന്ന ചോദ്യത്തോട് വ്യത്യസ്ത രീതിയിലാണ് തൊഴിലാളികൾ പ്രതികരിച്ചത്. ഫോൺ നേരത്തെ മുതൽ ബോട്ടിലുണ്ടെന്നായിരുന്നു ചിലരുടെ മറുപടി. അതേസമയം ഫോൺ എവിടെ നിന്നു വാങ്ങിയെന്നറിയില്ലെന്ന് നാലുപേർ അന്വേഷണസംഘത്തെ അറിയിച്ചു. യാത്ര ആരംഭിച്ച ദിവസത്തെക്കുറിച്ചും വ്യത്യസ്ത മൊഴിയാണ് പൊലീസിന് ലഭിച്ചത്.അതേസമയം, ഇറാൻ ബോട്ട് കേരളതീരത്തെത്തിയ സംഭവം എൻഐഎ അന്വേഷിക്കുമെന്നുറപ്പായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേസ് എൻഐഎക്കു വിടണമെന്ന അഭിപ്രായമാണുണ്ടായത്. ബോട്ടിലെ തൊഴിലാളികളുടെ പാക് ബന്ധവും മൊഴികളിലെ അവ്യക്തതയുമാണ് കേസ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ കാരണം.കേരള തീരത്തെത്തിയ ഇറാൻ ബോട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ബോട്ടിലെ തൊഴിലാളികളുടെ മൊഴിയിൽ വൈരുദ്ധ്യമുള്ളതിനാൽ ഗൗരവത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തെ കാണുന്നത്. വിവിധ ഏജൻസികളുടെ അന്വേഷണത്തിന്റെ പുരോഗതി കേന്ദ്രം വിലയിരുത്തുന്നുണ്ട്.
വല മുറിച്ച് മാറ്റിയതിൽ ദുരൂഹത കേസ് എൻഐഎക്ക്
0
Share.