വിത്ത്- തൈകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം- താലൂക്ക് വികസന സമിതി

0

കൃഷിഭവനുകളില്‍ നിന്നും വിതരണം ചെയ്യുന്ന വിത്തുകളുടെയും തൈകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ലഭിക്കുന്ന തെങ്ങിന്‍ തൈകള്‍ പലപ്പോഴും നശിച്ചു പോകുന്നതായി ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. മഴയില്‍ താലൂക്ക് പരിധിയിലെ എട്ട് സെക്ഷനുകളിലായി 215 വൈദ്യുതി പോസ്റ്റുകള്‍ നശിച്ചതായും വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായും കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. കാര്യവട്ടത്ത് ഒഴിഞ്ഞ് കിടക്കുന്ന കോവിലകവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ എക്‌സൈസ് വകുപ്പ് അന്വേഷണം നടത്തും. ഉള്‍പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ രാത്രികാല സര്‍വീസ് മുടക്കുന്നത് പരിഹരിക്കാന്‍ നടപടി എടുക്കണം, പുഴക്കാട്ടിരി സ്‌കൂള്‍ പരിസരത്ത് ബസുകള്‍ കുട്ടികളെ കയറ്റാതെ പോകുന്നതിന് പരിഹാരം കാണണം, പുലാമന്തോള്‍ കൃഷിഭവനില്‍ കൃഷി ഓഫീസറുടെ ഒഴിവ് നികത്തണം എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. പാണമ്പി കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് കോളനിയില്‍ അനുയോജ്യമായ ജലസ്രോതസ് ഇല്ലാത്തതിനാല്‍ മറ്റ് സ്രോതസുകള്‍ കണ്ടെത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടണ്‍് കുന്നത്ത് മുഹമ്മദ് അധ്യക്ഷനായി. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാന്‍, തഹസില്‍ദാര്‍ വി.ജെ. ജോസഫ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു

Share.

About Author

Comments are closed.