തിരുവനന്തപുരം – കേരളം തമിഴ്നാട് ലോബികളുടെ ശക്തമായ കടന്നുകയറ്റം മൂലം വിഴിഞ്ഞം പദ്ധതി മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്. പകരം തൂത്തുകുടി തുറമുഖം വികസിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
വിഴിഞ്ഞം പദ്ധതി ആരംഭിച്ചനാള്‍ മുതല്‍ ഓരോ പ്രശ്നങ്ങള്‍ ഉന്നയിച്ച് തടസ്സങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കാലം മുതല്‍ തുടങ്ങിയതാണ് വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കുകയെന്ന ദൗത്യം. കേരളത്തില്‍ വിഴിഞ്ഞത്തെ റിസോര്‍ട്ട് ലോബിയും തമിഴ്നാട്ടിലെ സര്‍ക്കാരുമാണ് വിഴിഞ്ഞം പദ്ധതിയെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്. തമിഴ്നാട്ടില്‍ ഭരണകക്ഷിയും പ്രതിപക്ഷവും ശക്തമായി നിലകൊള്ളുന്പോള്‍ കേരളത്തില്‍ സര്‍ക്കാരും നേതാക്കളും അശക്തരായി പ്രവര്‍ത്തിക്കുകയാണ്. കാരണം കേരളത്തിലെ നേതാക്കന്മാരുടെ കോടിക്കണക്കിന് സ്വത്തുക്കള്‍ തമിഴ്നാട്ടിലാണ്. കശുവണ്ടി ഫാക്ടറിയും ഹെക്ടര്‍ കണക്കിന് ഭൂമിയും തമിഴ്നാട്ടില്‍ കേരളത്തില്‍ നേതാക്കള്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഒരിക്കല്‍ തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിത ഇത് സൂചിപ്പിച്ചിരുന്നു. കൂടാതെ ഒരു ഭീഷണിയും കേരളത്തിലെ നേതാക്കള്‍ തമിഴ്നാടിന് എതിരുനിന്നാല്‍ അവരുടെ തമിഴ്നാട്ടിലെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടെടുക്കുമെന്ന് പ്രസ്താവിച്ചതോടെ കേരളത്തിലെ നേതാക്കള്‍ മാളത്തില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഉദാഹരണത്തിന് മുല്ലപ്പെരിയാര്‍ ഡാം തന്നെയാണ്. അതേ ഭീഷണി നിലനില്‍ക്കുന്പോള്‍ തന്നെ വിഴിഞ്ഞം പദ്ധതിയിലും നേതാക്കള്‍ എന്തു തീരുമാനമെടുക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഓരോ ദിവസവും വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായ യാതൊരുപ്രവര്‍ത്തനവും നടക്കുന്നില്ല. കേന്ദ്രമന്ത്രി പൊന്രാധാകൃഷ്ണന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഒരുഗ്രന്‍ പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം പദ്ധതിക്കുവേണ്ടി എല്ലാവിധ പിന്തുണയും ചെയ്യുമെന്ന്. അതേസമയം തമിഴ്നാട്ടില്‍ കേന്ദ്രമന്ത്രി ഇങ്ങനെയൊരു പ്രസ്താവന ഇറക്കുവാന്‍ തയ്യാറാകുമോ. മന്ത്രിയുടെ പ്രസ്താവന കേട്ടു കേരളത്തിലെ നേതാക്കള്‍ നൃത്തം ചവിട്ടിയെങ്കിലും യാതൊന്നും സംഭവിക്കുവാന്‍ പോകുന്നില്ലെന്ന് ജനങ്ങള്‍ക്കറിയാം. എന്നാല്‍ കേരളത്തിലെ സര്‍ക്കാരും നേതാക്കളും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വൈകുന്നതുമൂലം കേരളത്തിലെ ലോബികള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത് മലയാളികള്‍ക്ക് വളരെ മാനസിക വിഭ്രാന്തി പരത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും താല്പര്യം തമിഴ്നാടിനോടാണ്. കാരണം കേരളത്തില്‍ ബി.ജെ.പിയുടെ ഒറ്റ എം.പിമാര്‍ കേന്ദ്രത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് അദ്ദേഹവും കൈവിട്ടത്.
ഇന്ത്യയുടെ തുറമുഖങ്ങളില്‍ ഏറ്റവും ഉന്നതിയില്‍ നില്ക്കുന്ന തുറമുഖമാണ് മുംബൈ. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണ് മുംബൈയെന്ന് വിശേഷിപ്പിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ഏറ്റവും ആഴം കൂടിയ തുറമുഖം വിഴിഞ്ഞമാണെന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ വിലയിരുത്തിയെങ്കിലും വിഴിഞ്ഞം പദ്ധതിക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് പൊതുവേ പരാതിയുണ്ട്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തുറമുഖത്തിന് ആഴം കൂട്ടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് തുറമുഖ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എന്ത് മുടന്തന്‍ ന്യായം പറഞ്ഞാണ് വിഴിഞ്ഞം പദ്ധതി മുടക്കുന്നതെന്ന് വ്യക്തമാക്കിയാല്‍ നന്ന്.
അതേസമയം തൂത്തുകുടിയിലെ തുറമുഖം പ്രവര്‍ത്തിക്കണമെങ്കില്‍ കടലിന്റെ ആഴം വര്‍ദ്ധിപ്പിക്കേണ്ടിവരും. അതിനുവേണ്ടി ഒരു ഭീമമായ തുക ചെലവഴിക്കേണ്ടിവരുമെന്നും കണക്കു കൂട്ടുന്നു. എന്നാല്‍ അത്രയും തുക കേന്ദ്ര സര്‍ക്കാരാണ് ചെലവഴിക്കേണ്ടത്. ഇത്രയും തുക ചെലവഴിച്ചാലും തുറമുഖമാവുകയില്ല. മറ്റു സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും വന്‍തുക ചെലവഴിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാരും പണം മുടക്കുവാന്‍ തയ്യാറാവുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍ശെല്‍വം സൂചിപ്പിച്ചു. അതേസമയം മുന്‍മുഖ്യമന്ത്രി ജലയളിതയായിരിക്കും മുഖ്യതീരുമാനം എടുക്കേണ്ടത്.
ജയലളിതയുടെ കേസ് തീര്‍പ്പായാല്‍ മാത്രമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ. മേയ് മാസത്തിലാണ് ജയലളിതയുടെ കേസ് വിധി പറയാന്‍ മാറ്റിവച്ചത്. വിധി അനുകൂലമായാല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമേ പുതിയ തുറമുഖത്തെപ്പറ്റി ആലോചിക്കുകയുള്ളൂ. അഥവാ വിധി ജയലളിതയ്ക്ക് എതിരായാല്‍ തൂത്തുകുടി തുറമുഖവും കടലില്‍ താണുപോകുമെന്നാണ് അറിയുന്നത്.
വിഴിഞ്ഞം തുറമുഖത്തിന് പേരിനുവേണ്ടി ചില ചെറുകപ്പലുകളും, ചെറു ചരക്ക് കപ്പലുകളും വിഴിഞ്ഞത്ത് വന്നുപോകാനുള്ള അനുമതി നല്‍കും. കൂടാതെ ചെറുകിട ആഡംബര കപ്പലുകളും വിഴിഞ്ഞത്ത് വന്നുചേരും. ഇങ്ങനെ പേരിന് വേണ്ടി കുറേ സര്‍വ്വീസുകളും സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്യുന്നതോടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകും. ഇതുമൂലം ജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ ലഭ്യമാകുകയുമില്ലെന്ന് വ്യക്തമാവുകയാണ്. കൂടാതെ ടൂറിസത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.
അതേസമയം തൂത്തുകുടി യില്‍ ഈവക സൗകര്യങ്ങള്‍ ഒന്നും ഇല്ലെന്നതാണ് മറ്റൊരു ഗുരുതരമായ വീഴ്ചയെന്ന് മനസ്സിലാക്കാം.