ചിലെയുടെ വിജയം

0

കോപ്പാ അമേരിക്കയിലെ വിജയം ചിലെ ഫുട്ബോളിന് അതിജീവനത്തിന്‍റെ ആഘോഷം കൂടിയാണ്. കാല്‍പന്തുകളി ജീവനായി കാണുന്ന ജനതയുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ക്ലോഡിയോ ബ്രാവോയും കൂട്ടരും വിരാമമിടുന്നത്. ഒപ്പം ഫുട്ബോളില്‍ ലാറ്റിനമേരിക്കന്‍ ശൈലിയുടെ വിജയം കൂടിയായ് ആതിഥേയരുടെ ജയം. ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ സൗന്ദര്യമാണ് കോപ്പയെ ഒരു മുന്തിരിക്കോപ്പയാക്കുന്നത്. അവിടെയാണ് ചിലെയുടെ വിജയത്തിന്‍റെ മധുരം കൂടുന്നതും. ബ്രസീലും അര്‍ജന്‍റീനയും പോലും യൂറോപ്യന്‍ ശൈലിയുടെ വിജയവഴികള്‍ തേടുന്പോള്‍ ചിലെ ഒഴുകുന്ന പന്തിന്‍റെ പുറകെയാണ്. കോപ്പയിലെ പോരാട്ടങ്ങളില്ലെല്ലാം ആദ്യാവസാനം ബോക്സില്‍ നിന്ന് ബോക്സിലേക്ക് കുതിക്കുന്നവരായി സാഞ്ചസും വിദാലും വര്‍ഗാസുമെല്ലാം. മുന്നേറ്റങ്ങളിലൂടെ എതിരാളികളുടെ മുനയൊടിക്കുന്ന മാജിക്കില്‍ മാത്രം ചിലെ വിശ്വാസം പുലര്‍ത്തി. പ്രതിരോധത്തില്‍ ഒഴിവിടങ്ങള്‍ നല്‍കാത്ത പുതിയ തലമുറ ഫുട്ബോളിന്‍റെ പ്രായോഗിക വാദങ്ങളെ തമസ്കരിക്കുന്ന കാഴ്ചയും ചിലെ കാത്തുവക്കുന്നു.ഒടുവില്‍ നാലുവട്ടം കൈവിട്ട കിരീടം ചിലെ എത്തിപ്പിടിച്ചു. ഒപ്പം ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിനും അര്‍ജന്‍റീനക്കും യുറഗ്വായ്ക്കും പിന്നില്‍ നിഴലായി ഒതുങ്ങിയ ചരിത്രവും ചിലെ തിരുത്തുകയാണ്. പ്രതിഭയറിച്ച വിദാലിനും സാഞ്ചസിനുമപ്പുറം വര്‍ഗാസ്, വാല്‍ഡിവിയ, മാഴ്സലോ ഡയസ്, മൗറിഷ്യോ ഇസ്ല തുടങ്ങി ഇടിത്തീയാകാന്‍ കെല്‍പ്പുള്ളവരുടെ കൂട്ടം വരവറിയിച്ചു കഴിഞ്ഞു.

Share.

About Author

Comments are closed.