പാഠപുസ്തകം അച്ചടി 20നു തീരില്ല

0

സ്കൂൾ പാഠപുസ്തകങ്ങളിൽ അവശേഷിക്കുന്നവയുടെ അച്ചടി 20നു പൂർത്തിയാക്കാനാവില്ലെന്നു കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) മാനേജ്മെന്റ്. ഇക്കാര്യം ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ അറിയിക്കും. ആദ്യ വോള്യത്തിലെ 43 ലക്ഷം പാഠപുസ്തകങ്ങളാണു രണ്ടാംഘട്ടത്തിൽ കെബിപിഎസിനു നൽകിയത്.ഇതിൽ 27 ലക്ഷം പുസ്തകങ്ങളുടെ അച്ചടി 18നു മുൻപു പൂർത്തിയാക്കാമെന്നാണു കെബിപിഎസിന്റെ നിലപാട്. ഇതുവരെ 17 ലക്ഷം അച്ചടിച്ചുകഴിഞ്ഞു. ബാക്കി 10 ലക്ഷം കൂടി 18നു മുൻപ് അച്ചടിച്ചു തീർക്കാനാകും. ശേഷിക്കുന്ന 16 ലക്ഷം പുസ്തകങ്ങൾ മറ്റേതെങ്കിലും വിധത്തിൽ അച്ചടിക്കേണ്ടി വരുമെന്നു ചുരുക്കം. കെബിപിഎസ് കയ്യൊഴിയുന്ന പുസ്തകങ്ങൾ എവിടെ അച്ചടിക്കണമെന്ന കാര്യം ഇന്നത്തെ യോഗം തീരുമാനിക്കും. എംഡിയുടെ ചുമതല വഹിക്കുന്ന എറണാകുളം ജില്ലാ കലക്ടർ എം.ജി. രാജമാണിക്യം കെബിപിഎസിലെ ഉന്നത അധികാരികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ഇന്നലെ ചർച്ച നടത്തി. തൊഴിൽ നിയമപ്രകാരം ഉള്ള നിബന്ധനകളെല്ലാം മാറ്റിവച്ച് കഠിന പ്രയത്നത്തിലാണു ജീവനക്കാരെന്നു സംഘടനാ നേതാക്കൾ പറഞ്ഞു. ഒരു ഷിഫ്റ്റിൽ നിശ്ചിത എണ്ണം പുസ്തകങ്ങൾ മാത്രമേ അച്ചടിക്കുകയുള്ളൂ എന്ന വ്യവസ്ഥ വേണ്ടെന്നുവച്ചാണു ജീവനക്കാർ ജോലി ചെയ്യുന്നത്. ഈ അധ്യയനവർഷം പാഠപുസ്തകം അച്ചടിക്കുള്ള വർക്ക് ഓർഡർ അനിശ്ചിതമായി വൈകിയതും പേപ്പർ ഉൾപ്പെടെയുള്ള അച്ചടി സാമഗ്രികൾ കിട്ടാനെടുത്ത കാലതാമസവുമാണു പുസ്തകം വൈകാൻ കാരണമായതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടി. ഇതുമൂലം അച്ചടിയിലും സ്വാഭാവിക കാലതാമസം ഉണ്ടായപ്പോഴാണ് ഓർഡറിന്റെ ഒരു ഭാഗം പിൻവലിച്ചു ഗവ. പ്രസിനു കൊടുക്കാനും പിന്നീടു സ്വകാര്യ മേഖലയിലേക്കു മാറ്റാനും സർക്കാർ തീരുമാനിച്ചത്.ഗവ. പ്രസിനു കൊടുത്തതിൽ നിന്ന് അഞ്ചു ലക്ഷം പിന്നീടു കെബിപിഎസിനു തിരിച്ചുകിട്ടി. പിന്നാലെ സ്വകാര്യ മേഖലയ്ക്കു നീക്കിവച്ച 43 ലക്ഷവും തിരിച്ചെത്തിയതോടെയാണ് ഇപ്പോഴത്തെ പ്രശ്നം ഉടലെടുത്തത്. 20നു മുൻപ് അച്ചടിക്കണമെന്ന വ്യവസ്ഥയോടെയാണു 43 ലക്ഷം പുസ്തകങ്ങളുടെ അച്ചടി വീണ്ടും കെബിപിഎസിനെ ഏൽപിച്ചത്. ഇതു പാലിക്കാനാകാത്തതാണ് പ്രതിസന്ധിക്കു കാരണം.

Share.

About Author

Comments are closed.