സംസ്ഥാനത്ത് ഇനി സ്വകാര്യ സര്വകലാശാലകളും

0

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കായി വാതില്‍ തുറക്കും. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിന്റെ സാധ്യത പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. റിപ്പോര്‍ട്ടിന് അവസാന രൂപമായില്ലെങ്കിലും നിയന്ത്രണവിധേയമായി സ്വകാര്യമേഖലയിലും സര്‍വകലാശാലകള്‍ അനുവദിക്കാമെന്ന നിഗമനത്തിലാണ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിന്റെ നേതൃത്വത്തിലുള്ള സമിതി.സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യപ്രകാരമാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സ്വകാര്യ സര്‍വകലാശാലകളുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി സമിതി ഇതിനോടകം സിറ്റിങ് നടത്തി. സര്‍ക്കാര്‍ സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ നയപരമായ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇതിനുള്ള സാധ്യതാപഠനം നടത്തുന്നതിലൂടെ സര്‍ക്കാരിന്റെ മനോഗതം വ്യക്തമാണ്. രാജ്യത്താകെ 207 സ്വകാര്യ സര്‍വകലാശാലകളുണ്ട്. യു.ജി.സി.യും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുകൂലമാണ്. പൊതു സര്‍വകലാശാലകളെന്ന പോലെ ഓരോ സ്വകാര്യ സര്‍വകലാശാലയും പ്രത്യേക നിയമത്തിലൂടെയേ നിലവില്‍വരൂ. നിശ്ചിത സ്ഥലം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനപരിചയം എന്നിവ അടിസ്ഥാനമാക്കി സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന നിലപാടിനാണ് മുന്‍തൂക്കം. ഏതെങ്കിലും ഒരു വിഷയം മാത്രം ഉള്‍ക്കൊള്ളുന്ന ( ഉദാ. മെഡിക്കല്‍, സാങ്കേതിക സര്‍വകലാശാല) യൂണിവേഴ്‌സിറ്റിേയാ പല സ്വാശ്രയ കോളേജുകളെ ചേര്‍ത്തുള്ള യൂണിവേഴ്‌സിറ്റിേയാ സ്വകാര്യമേഖലയില്‍ രൂപവത്കരിക്കുന്നതിന് യു.ജി.സി. അനുകൂലമാണ്. സര്‍വകലാശാലയുടെ തലപ്പത്ത് ഗവര്‍ണര്‍ക്കും സ്ഥാനമുണ്ടാകും. പ്രവേശനം, ഫീസ് എന്നിവ സംബന്ധിച്ച തീര്‍പ്പുകള്‍ക്ക് സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കുന്ന, വിരമിച്ച ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതി പോലെയുള്ള സംവിധാനവും ആലോചനയിലുണ്ട്. വിദ്യാര്‍ഥിപ്രവേശനത്തില്‍ സംവരണം വേണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി പരിഗണിക്കുന്നു. ഇതിന് നിയമപരമായ ബാധ്യതയില്ലെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ നിര്‍ദ്ദേശം മുന്നോട്ടുെവക്കുന്നത്. അധ്യാപകരുടെ വേതനവ്യവസ്ഥകളും യോഗ്യതയും യു.ജി.സി.യുടെ നിബന്ധനയ്ക്കനുസരിച്ചായിരിക്കണം. മുന്‍ വി.സി.യും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ് അധ്യക്ഷനായ സമിതിയില്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, മധുര കാമരാജ് സര്‍വകലാശാലാ മുന്‍ വി.സി. ഡോ. എം.സാലിഹു, ഡല്‍ഹി ലോ യൂണിവേഴ്‌സിറ്റി വി.സി. ഡോ. ചന്ദ്രശേഖരപിള്ള, മുന്‍ സര്‍ക്കാര്‍ സെക്രട്ടറി ലിഡാ ജേക്കബ്, എം.ഇ.എസ്. സെക്രട്ടറി ഡോ. ലബ്ബ, എന്‍ജിനിയറിങ് മാനേജ്‌മെന്റ് അസോസിയേഷന്‍ നേതാവായ ജി.പി.സി.നായര്‍, എം.ജി. സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ ജോസ് ജെയിംസ്, ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഡോ. അന്‍വര്‍ എന്നിവരാണ് അംഗങ്ങള്‍.

Share.

About Author

Comments are closed.