വ്യാപം കേസ് സിബിഐക്ക് അന്വേഷണം

0

മധ്യപ്രദേശ് സര്‍ക്കാരിന് തലവേദനയായിത്തീര്‍ന്ന വ്യാപം അഴിമതിക്കേസ് സി ബി ഐ അന്വേഷിക്കും. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ നിയമന അഴിമതികള്‍ സി ബി ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് സി ബി ഐക്ക് വിട്ടത്. വ്യാപം കേസുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും സി ബി ഐ അന്വേഷിക്കും. ഈ മാസം 24 ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരമോന്നത കോടതി സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത തിങ്കളാഴ്ച മുതലാണ് കേസ് സി ബി അന്വേഷിക്കുക. വ്യാപം കേസ് സി ബി ഐ അന്വേഷിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്താഗി ഇക്കാര്യം കോടതിയെയും അറിയിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘമാണ് ഇപ്പോള്‍ വ്യാപം കേസ് അന്വേഷിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിക്ക് തന്നെ കേസ് സി ബി ഐക്ക് കൈമാറാമായിരുന്നു എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ആഷിശ് ചതുര്‍വേദി, ഡോ. ആനന്ദ് റായ്, പ്രശാന്ത് പാണ്ഡെ എന്നിവരാണ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Share.

About Author

Comments are closed.