ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികള് മരിച്ചു

0

പേരാമ്പ്രയില്‍ ഇരട്ട കൊലപാതകം. ജൂലായ് 9 ന് രാത്രിയില്‍ വൃദ്ധ ദമ്പതിമാരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പേരാമ്പ്ര ഞാണിത്ത് തെരു എളേറ്റില്‍ ബാലന്‍(64), ഭാര്യ ശാന്ത(56) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നുള്ള കരച്ചില്‍ കേട്ട് തൊട്ടടുത്ത് താമസിയ്ക്കുന്ന അജില്‍ എന്ന യുവാവ് ഓടിച്ചെന്നു. ഇയാള്‍ക്കും വെട്ടേറ്റു. ഇയാളെ പേരാമ്പ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുകളിലത്തെ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടിവി കണ്ടുകൊണ്ടിരിയ്‌ക്കെയാണ് ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവരുടെ മക്കള്‍ വിദേശത്താണ്. ഒരു മകന്റെ ഭാര്യയും ഇവര്‍ക്കൊപ്പമാണ് താമസിയ്ക്കുന്നതെങ്കിലും അക്രമം നടന്ന ദിവസം വീട്ടിലുണ്ടായിരുന്നില്ല. മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് നിഗമനം.

പ്രതി അറസ്റ്റില്‍

chandran_0

ജില്ലയിലെ പേരാമ്പ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ടവരുടെ അയല്‍വാസിയും പേരാമ്പ്രയില്‍ ഫൂട്ട്പാത്ത് കച്ചവടക്കാരനുമായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന്‍ (48) ആണ് പിടിയിലായത്. ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്ന് ഇയാള്‍ കൈക്കലാക്കിയ 25,000 രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ആഭരണങ്ങള്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.വ്യാഴാഴ്ച രാത്രി എട്ടരയോടെ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് പേരാമ്പ്ര ഞാണിയത്ത് തെരു ബാലന്‍, ഭാര്യ ശാന്ത എന്നിവര്‍ വെട്ടേറ്റ് മരിച്ചത്. ഇവരുടെ കൂടെ ഗള്‍ഫിലുള്ള മകന്‍െറ ഭാര്യയും മക്കളുമാണ് താമസിച്ചിരുന്നത്. ഇന്നലെ ഇവര്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു കൊല. സംഭവം കേട്ട് ഓടിയത്തെിയ അയല്‍വാസിയായ അഖിലിനും (17) ആക്രമിയുടെ വെട്ടേറ്റിരുന്നു. തല ലക്ഷ്യമാക്കി വന്ന വെട്ട് തടഞ്ഞ അഖിലിന് ഇടതുകൈക്കാണ് പരിക്കേറ്റത്.ചന്ദ്രന്‍ ഈ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനാണെന്ന് പൊലീസ് പറഞ്ഞു. പണമിടപാടുമായി ബന്ധപ്പെട്ടാണ് ഇന്നലെ ഇയാള്‍ വീട്ടില്‍ വന്നത്. ബാലനെ വെട്ടുന്നത് തടഞ്ഞ ശാന്തയെയും അക്രമി വെട്ടി. ഇത് തടയാന്‍ വന്ന അഖിലിനെയും വെട്ടി ഇയാള്‍ കടന്നുകളയുകയായിരുന്നു. ദൃശ്യം സിനിമയും ഒരു സീരിയലും തെളിവ് നശിപ്പിക്കാന്‍ തനിക്ക് പ്രേരണയായെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

Share.

About Author

Comments are closed.