കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ മൂന്നാമത് ലിവിങ് ലെജന്റ് പുരസ്കാരം ചലച്ചിത്രപണ്ഡിതനും നാഷണല്‍ ഫിലിം ആര്‍ക്കെവ്സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനുമായ പി.കെ.നായര്‍ക്ക്. ജൂലായ് 11 ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ ചലച്ചിത്രകാരന് കെ.ജി. ജോര്‍ജ് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രശസ്തരായ പലരും ഗുരുതുല്യനായി കാണുന്ന ഫിലിം ആര്ക്കേവിസ്റ്റാണ് പി.കെ.നായര്‍. വിവിധ കാരണങ്ങളാല്‍ നശിച്ചുപോകുമായിരുന്ന ആയിരക്കണക്കിന് സിനിമകള്‍ പി.കെ.നായരുടെ ശ്രമഫലമായി കണ്ടെടുക്കപ്പെടുകയും പരിരക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി അപൂര്‍വ്വ സിനിമകള്‍ ഇങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ദേശീയ പുരസ്കാരം നേടിയ ‘സെല്ലുലോയ്ഡ് മാന്‍’ എന്ന ഡോക്യുമെന്ററി പി.കെ.നായരുടെ ജീവിതത്തേയും ചലച്ചിത്ര സംഭാവനകളേയും കുറിച്ചാണ്. നിരവധി അന്താരാഷ്ട്ര മേളകളില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും സൗത്ത് ഏഷ്യന്‍ സിനിമാ ഫൗണ്ടേഷനും ചേര്‍ന്ന് ‘ലൈഫ് ടൈം അച്ചീവ്മെന്റ് ഇന്‍ ദി ഫീല്‍ഡ് ഓഫ് ഫിലിം പ്രിസര്‍വേഷന്‍’ എന്ന പുരസ്കാരം നല്കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സത്യജിത് റേ സ്മാരക പുരസ്കാരവും നേടിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം കെ.ജി. ജോര്‍ജ്, പി.രാംദാസ് എന്നിവരാണ് ലിവിങ് ലെജന്റ് പുരസ്കാരം നേടിയവര്‍. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെനട ശ്രീകുമാരസമാജം ഹാളില്‍ വൈകീട്ട് അഞ്ചുമണിയ്ക്കാണ് ചടങ്ങ്. സംവിധായകന് കമല്‍, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നിരൂപക പ്രശംസ നേടിയ ഐഡി എന്ന ചിത്രത്തിന്റെ സംവിധായകന് കെ.എം.കമല്‍, ചലച്ചിത്ര നിരൂപകന് ഐ.ഷണ്മുഖദാസ്, കവി പി.എന്‍.ഗോപീകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. ചടങ്ങിന് ശേഷം സെല്ലുലോയ്ഡ് മാന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
പി.കെ.നായര്‍ക്ക് ലിവിങ് ലെജന്റ് പുരസ്കാരം
0
Share.