ലൈംഗികത രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി ആറാമത് ലൈംഗിക സ്വാഭീമാന ഘോഷയാത്ര കേരളം ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം സംഘടിപ്പിക്കുന്നു. 2009 ജൂലായ് മാസത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 377 വകുപ്പിന് ഡെല്‍ഹി കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കുവാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരുവാനും നമ്മുടെ സാന്നിധ്യം ലോകത്തെ അറിയിക്കുവാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയര്‍ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിവച്ചത്. എന്നാല്‍ ഇന്ന് ക്വിയര്‍ പ്രൈഡ് ആഘോഷങ്ങള്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഡല്‍ഹി ഹൈക്കോടതി നടത്തിയ പുനര്‍വായന റദ്ദാക്കിക്കൊണ്ടു നടത്തിയ
വിധി പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കൂടിയാണ്. വിമതലൈംഗികതയെയും സ്വവര്‍ഗ്ഗ പ്രണയിതാക്കളെയും വിഭിന്ന ലിംഗസ്വത്വങ്ങളെയും കുറിച്ച് പുറംലോകത്തോടു പറയാനും, ദൈനംദിന ജീവിതത്തില്‍ ഞങ്ങള്‍ക്ക് അവഗണയും അതിക്രമങ്ങളും വിഷമതകളും ചൂണ്ടിക്കാട്ടുവാനും ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ വ്യക്തികളും സംഘടനകളും വിദ്യാര്‍ത്ഥി സമൂഹവും മാധ്യമ പ്രസ്ഥാനങ്ങളും ചലച്ചിത്ര കൂട്ടായ്മയും കലാ സാംസ്കാരിക മനുഷ്യാവകാശ പാരിസ്ഥിതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഗവണ്മെന്റ്, ഗവണ്മെന്റിതര സംഘടനകളും കൂട്ടായ്മയും ലിംഗ-ലൈംഗിക വ്യത്യസ്തതകളുടെ രാഷ്ട്രീയം വിളിച്ചോതുന്ന ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാവുവാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലതാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ, എന്തിന്, ആത്മഹത്യയിലഭവം തേടുന്നതോ പോലും മനുഷ്യാവകാശ പ്രശ്നമായി നമ്മുടെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നില്ല. വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം നിലനില്ക്കുന്നു.