തിരുവനന്തപുരം നഗരസഭ ജനങ്ങള്‍ക്ക് വേണ്ട പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പോലും പരാജയം- കരകുളം കൃഷ്ണപിള്ള

0

അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി മാത്രം നിലകൊള്ളുന്ന നഗരഭരണംകൊണ്ട് ജനജീവിതം ദുസ്സഹമായി, വാഗ്ദാനങ്ങളും മുദ്രാവാക്യങ്ങളും മാത്രം ജനങ്ങള്‍ക്ക് സമ്മാനിച്ച് സമാനതകളില്ലാത്ത സാന്പത്തിക കൊള്ള നടത്തുകയാണ് ഭരണക്കാര്‍.

മാലിന്യ സംസ്കരണത്തിന്‍റെ കാര്യത്തില്‍ അശാസ്ത്രീയവും അപരിഷ്കൃതവുമായ മാര്‍ഗ്ഗം അവലംബിച്ചതിലൂടെ വിളപ്പില്‍ശാല ഫാക്ടറി അടച്ചുപൂട്ടേണ്ടി വന്നു. നഗരത്തിലെവിടെയും കുമിഞ്ഞ് കൂടിക്കിടക്കുന്ന അഴുകിയ മാലിന്യങ്ങള്‍ നിമിത്തം പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. നഗരവാസികള്‍ നിത്യരോഗികളായി മാറുന്നു. പൈപ്പ് കന്പോസ്റ്റ്, തുന്പൂര്‍മുഴി ഐസക് പ്ലാന്‍റ്, എയ്റോബിന്‍, നിര്‍മ്മല്‍ യൂണിറ്റ് തുടങ്ങി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ ഒന്നും തന്നെ ഫലം കണ്ടില്ലെന്ന് മാത്രമല്ല അതിന്‍റെയൊക്കെ പേരില്‍ വന്‍ സാന്പത്തിക തട്ടിപ്പുകളും നടത്തി.

എന്‍റെ നഗരം സുന്ദര നഗരം ക്ലീന്‍സിറ്റി ഗ്രീന്‍ സിറ്റി, ഗുഡ്ബൈ മൊസ്കിറ്റൊ, റോഡ് ഹോള്‍സ്പോട്ട് ഫില്ലിംഗ്, ഉറവിടത്തില്‍ സംസ്കാരം, ഐസക് മോഡല്‍ എയ്റോബിന്‍, ശുചിത്വ വാര്‍ഡും സുന്ദര നഗരവും തുടങ്ങി ആകര്‍ഷകമായ തലക്കെട്ടുകള്‍ മാത്രം നല്‍കി നഗരവാസികളെ കബളിപ്പിക്കുകയും നികുതിപ്പണം കൊള്ളയടിക്കുകയും ചെയ്യുന്നു.

തെരുവ് നായ്ക്കളെക്കൊണ്ടു നഗരം നിറഞ്ഞു. നായ്ക്കള്‍ മനുഷ്യരെ ആക്രമിച്ചു കീഴടക്കുന്ന അവസ്ഥയിലെത്തിക്കുകയും അനങ്ങാപ്പാറയാവുകയുമാണ് നഗരഭരണം. നായ്ക്കളെ വന്ധീകരിക്കുന്നതിന് സ്വന്തമായി ഒരു മൊബൈല്‍ സ്റ്റൈറിലൈസേഷന്‍ വാന്‍ പോലും ഇല്ലാത്ത കോര്‍പ്പറേഷനാണ് തിരുവനന്തപുരം നഗരം.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനധികൃത കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് അദാലത്ത് വഴിപോലും അനുമതി നല്‍കുന്നതിന് പിന്നില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. നഗരത്തിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് റ്റി.സി. വാങ്ങിക്കൊടുക്കുന്ന ഒരു മാഫിയ തന്നെ മേയറുടെ അനുഗ്രഹത്തോടെ സോണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ പഴക്കം വന്ന കനാലുകളുടെയും ഓടകളുടെയും മേല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിലൂടെ മാനം കറുത്താല്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന നഗരമായി നമ്മുടെ തലസ്ഥാനം മാറി.

നഗരസഭ മേല്‍നോട്ടത്തിലുള്ള റോഡുകള്‍ തൊണ്ണൂറ് ശതമാനവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നഗരത്തിലെ പ്രധാന റോഡുകളൊക്കെ തന്നെ ആന്‍റണി ഗവണ്‍മെന്‍റ് തലസ്ഥാന നഗരവികസന പദ്ധതിയുടെയും ഉമ്മന്‍ചാണ്ടി ഗവൻ്‍മെന്‍റ് നേരിട്ടേറ്റെടുത്തു നവീകരിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ തിരുവനന്തപുരത്തിന്‍റെ മുഖം ശോചനീയമാകുമായിരുന്നു.

മരാമത്ത് പണികളിലും വന്‍ അഴിമതിയാണ് നിലനില്‍ക്കുന്നത്.  കുറവന്‍കോണം മാര്‍ക്കറ്റ് നിര്‍മ്മാണം ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. പയലിംഗിലിലും തുക അനുവദിച്ചതിലും ഉണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് ഇത് ലേസര്‍ പരിശോധന നടത്തണമെന്ന ആവശ്യത്തെ കോര്‍പ്പറേഷന്‍ അധികൃതര്‍ നിരാകരിക്കുകയാണുണ്ടായത്.

യഥാസമയം റവന്യൂ കളക്ഷന്‍ നടത്താത്തതുമൂലം കോര്‍പ്പറേഷന്‍റെ തനതുഫണ്ട് ഇല്ലാത്ത അവസ്ഥയാണുള്ളത്. എല്‍ഡിഎഫിന്‍റെ തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥരെ ഗവണ്‍മെന്‍റിന്‍റെ പ്ലാന്‍ ഫണ്ടും, കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ടും വക മാറ്റുന്നതിനുള്ള ഗവേഷകരായി നിയോഗിച്ചിരിക്കുന്നതു മൂലം യഥാസമയം റവന്യൂ കളക്ഷന്‍ നടത്താറില്ല. അതിലൂടെ കോര്‍പ്പറേഷന്‍റെ തനതുഫണ്ട് നഷ്ടപ്പെടുന്നത് ഭരണത്തിന്‍റെ കെടുകാര്യസ്ഥതയാണ് ബോധ്യമാകുന്നത്.

ഉപയോഗശൂന്യമായ റേഡിയോ ഗ്രാഫിക് ഐഡി സ്റ്റിക്കര് നഗരത്തിലെ വീടുകള്‍ക്ക് മുന്നില്‍ പതിച്ചതിലൂടെ മാത്രം ഒന്നരക്കോടി രൂപയുടെ അഴിമതി നടത്തി.  എല്‍ഇഡി തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിലും, വികലാംഗര്‍ക്ക് നല്‍കാനുള്ള മുച്ചക്ര വാഹനം വാങ്ങിയതിലും മത്സ്യ തൊഴിലാളി മേഖലയില്‍ നല്‍കിയ ആനുകുല്യത്തിലും ഇല്ലാത്ത കുടുംബശ്രീ യൂണിറ്റിന്‍റെ പേരില്‍ വ്യാജ രേഖകള്‍ ചമച്ച് ബാങ്ക് ലോണ്‍ കരസ്ഥമാക്കിയതിലും, ബ്രാന്‍ഡഡ് കന്പനിയായ ഗോദ്റേജിന്‍റെ വ്യാജ ഫര്‍ണീച്ചര്‍ നാല് കോടി രൂപയ്ക്ക് വാങ്ങിയതിലും നിരവധി അഴിമതികള്‍ നടത്തിയ അധികാരികള്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് നഗരസഭ ഉദ്യോഗസ്ഥരെ ഇഷ്ടാനുസരണം അവര്‍ ആവശ്യപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റിയും വന്‍ സാന്പത്തിക ഇടപാടു നടത്തി കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ നഗരസഭയിലെ സിപിഎം ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് ജൂലൈ 13-ാം തീയതി പ്രതിഷേധ മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.