20 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു

0

ഉന്നതതല ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ക്കു ശേഷവും കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുകയാണ്.  ധനകാര്യവകുപ്പിന്‍റ കടുംബിടുത്തമാണ് പ്രതിസന്ധിക്കു കാരണമെന്ന് മാനേജ്മെന്‍റുൺ.  മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്നു സര്‍ക്കാരും.  എന്തായാലും 20 പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു.  വൃദ്ധന്മാര്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം, റോഡുപരോധം, സെക്രട്ടേറിയറ്റ് നിയമസഭാ മാര്‍ച്ചുകള്‍, അഫീസുപരോധം ഇവയൊക്കെ നടത്തി ഒത്തു തീര്‍പ്പുകളുണ്ടായി.  ഒരെണ്ണം പോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല.  ഇപ്പോള്‍ സെക്രട്ടേറിയറ്റു നടയില്‍ പ്രതിഷേധ സമരം തുടരുകയാണ്.  രണ്ടുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്.  ഒരെണ്ണം ഏപ്രില്‍ 18നും ഒരെണ്ണം ഏപ്രില്‍ 28 നും നല്‍കുമെന്ന വാഗ്ദാനത്തില്‍ ലേശം പോലും നീക്കമുണ്ടായി കാണുന്നില്ല.  അതുകൊണ്ട് പെന്‍ഷന്‍കാര്‍ 28-ാം തീയതി ട്രാന്‍സ്പോര്‍ട്ട് ഭവനും കേരളത്തിലുള്ള എല്ലാ യൂണിറ്റാഫീസുകളും ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.  തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ടു ഭവനു മുന്നില്‍ രാപ്പകല്‍ സമരം, അനിശ്ചിതകാല സത്യാഗ്രഹ സമരം ഇവ മെയ് 5-ാം തീയതി മുതല്‍ തുടര്‍ച്ചയായി നടത്തുന്നതാണ്.  കേരളത്തിലെ ഒരു ജനവിഭാഗത്തിനും ഇല്ലാത്ത ഈ പ്രതിസന്ധി കണ്ടുകൊണ്ട് മൗനമായിരിക്കുവാന്‍ പെന്‍ഷന്‍കാര്‍ തയ്യാറല്ല.  കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കുക, പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടിശിഖ ക്ഷാമബത്ത അനുവദിക്കുക, കുടിശ്ശിക പെന്‍ഷന്‍ വിതരണം ചെയ്യുക, ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാരുടെ കുടുംബത്തെ സഹായിക്കുക, പെന്‍ഷന്‍കാര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കുക ഇവയാണ് ആവശ്യങ്ങള്‍.
ഭാഗികമായി ഒരു പെന്‍ഷന്‍ നല്‍കി കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചാലും പെന്‍ഷന്‍ കുടിശ്ശിക മുഴുവനും ലഭിക്കുന്നതുവരെയും പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടാകുന്നതുവരെയും പ്രഖ്യാപിക്കപ്പെട്ട ഒരു സമര പരിപാടികള്‍ക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
വന്ദ്യവയോധികരായ പെന്‍ഷന്‍കാര്‍ രോഗപീഢകളും കഷ്ടതകളും വിശ്രമവും മറന്ന് ജീവന്‍ നിലനിര്‍ത്താന്‍ നടത്തുന്ന ഈ പോരാട്ടത്തിന് എല്ലാ സാമൂഹിക രാഷ്ട്രീയ ട്രേഡ് യൂണിയന്‍ സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ സവിനയം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.  തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തില്‍ സര്‍വ്വശ്രീ കെ. ജോണ്‍ (പ്രസിഡന്‍റ്), അഡ്വ. മുഹമ്മദ് അഷറഫ് (ജനറല്‍ സെക്രട്ടറി), സൂസൈ ആന്‍റണി, എസ്. ബാലകൃഷ്ണന്‍, വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍ (വൈസ് പ്രസിഡന്‍റുമാര്‍), എൺ. നടരാജനാശാരി, കെ. സതീശന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), എ. സെയ്നുലാബ്ദീന്‍ (ട്രഷറര്‍) എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.