പ്രമുഖ നടി പല്ലവി ജോഷി രാജിവെച്ചു

0

പ്രമുഖ നടി പല്ലവി ജോഷി പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി അംഗത്വം രാജിവെച്ചു. സീരിയല്‍ താരം ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് നടിയുടെ തീരുമാനം. ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയ തീരുമാനം പരിശോധിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് രാജി. വിദ്യാര്‍ഥികള്‍ക്ക് സംതൃപ്തിയില്ലാത്ത സാഹചര്യത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സൊസൈറ്റി അംഗമായി തുടരുന്നതില്‍ അര്‍ഥമില്ല എന്ന് പറഞ്ഞാണ് പല്ലവി ജോഷി രാജിവെച്ചത്. ധാര്‍മികമായ നിലപാടാണ് താന്‍ എടുത്തിരിക്കുന്നതെന്നും നടി പറഞ്ഞു. അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയാലും താന്‍ രാജിതീരുമാനം പുനപരിശോധിക്കില്ല എന്ന നിലപാടിലാണ് പല്ലവി ജോഷി. അതേസമയം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഗജേന്ദ്ര ചൗഹാന്റെ നിയമനം കാവി വത്കരണത്തിന്റെ ഭാഗമാണ് എന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളുടെ ആരോപണം. ഇത് ഇരുപത്തിയഞ്ചാം ദിവസമാണ് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുന്നത്. ഗജേന്ദ്ര ചൗഹാന്റെ നിയമനം എത്രയും പെട്ടെന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിനിധികള്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കണ്ടില്ല. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കാനുള്ള അര്‍ഹത ചൗഹാന് ഇല്ലെന്നാണ് സമരക്കാര്‍ പറയുന്നത്. ചൗഹാന്‍ രാജിവെക്കുന്നത് സമരം തുടരുമെന്നാണ് ഇവരുടെ നിലപാട്.

Share.

About Author

Comments are closed.