സിറിയയില്നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു

0

ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് സിറിയയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 40 ലക്ഷം കടന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലെ അഭയാര്‍ഥി വിഭാഗമായ യു.എന്‍.എച്ച്.സി.ആര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 25 വര്‍ഷത്തിനിടെ ലോകത്ത് ഏതെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്നുണ്ടാകുന്ന ഏറ്റവും വലിയ പലായനമാണ് ഇതെന്ന് ഏജന്‍സി വിശേഷിപ്പിച്ചു.ഇതിന് പുറമേ, സിറിയയില്‍തന്നെ അഭയാര്‍ഥികളായി കഴിയുന്ന 76 ലക്ഷം പേര്‍ വേറെയുമുണ്ടെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ അന്‍േറാണിയോ ഗുട്ടെരസ് പറഞ്ഞു. ഒരു തലമുറക്കിടെയുണ്ടാകുന്ന ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹമാണ് ഇത്. ലോകത്തിന്‍െറ സഹായം ഏറ്റവുമധികം ആവശ്യമായ ജനവിഭാഗമായി സിറിയന്‍ ജനത മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, മതിയായ സഹായം ലഭിക്കാതെ അവര്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുന്നു. കഴിഞ്ഞ 10 മാസത്തിനിടെയാണ് അഭയാര്‍ഥിപ്രവാഹം ഏറ്റവുമധികം ഉണ്ടായത്. 10 ലക്ഷം പേരാണ് ഇക്കാലയളവില്‍ സിറിയയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.സിറിയന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗവും എത്തിയത് തുര്‍ക്കിയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും കുര്‍ദുകളും തമ്മില്‍ പോരാട്ടം രൂക്ഷമായ വടക്കന്‍ സിറിയയില്‍നിന്ന് ജൂണില്‍ മാത്രം തുര്‍ക്കിയിലത്തെിയത് 24,000 പേരാണ്. തുര്‍ക്കിയിലെ മൊത്തം സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം 18 ലക്ഷമാണ്. ഇവര്‍ക്കായി സ്വന്തം ഖജനാവില്‍നിന്ന് ഭാരിച്ച തുകയാണ് തുര്‍ക്കിക്ക് ചെലവഴിക്കേണ്ടിവരുന്നത്. അഭയാര്‍ഥികളില്‍ ഒരു വിഭാഗം പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് അഭയം തേടി പലായനം ചെയ്യുന്നത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനാല്‍ അത്യന്തം അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരുടെ യാത്ര. 2.7 ലക്ഷം സിറിയന്‍ അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടി കഴിയുന്നത്.2.5 ലക്ഷത്തോളം അഭയാര്‍ഥികള്‍ ഇറാഖിലും എത്തിയിട്ടുണ്ട്. ജോര്‍ഡന്‍ 6.3 ലക്ഷം പേര്‍ക്കും ഈജിപ്ത് 1.32 ലക്ഷം പേര്‍ക്കും ലബനാന്‍ 11.7 ലക്ഷം പേര്‍ക്കുമാണ് അഭയം നല്‍കുന്നത്. സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ച 2011 മാര്‍ച്ച് മുതല്‍ 2.2 ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

Share.

About Author

Comments are closed.