കെ.എസ്.ആര്.ടി.സിയില്‍ സ്പെയര്‍ പാട്സ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ആറുമാസം മുന്‍പ് വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണക്കില്‍പെടാത്ത ലക്ഷക്കണക്കിന് രൂപയുടെ സ്പെയര്‍ പാട്സ് കണ്ടെത്തിയത്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലെ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, സ്റ്റോര്‍ അസിസ്റ്റന്റ്, സ്റ്റോര്‍ ഇഷ്യുവര്‍ എന്നിവരെയാണ് എം.ഡി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. രണ്ട് മാസം മുൻപ് വിജിലന്‍സ് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നെങ്കിലും രാഷ്ട്രീയസമ്മര്‍ദ്ദം കാരണം നടപടി വൈകുകയായിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചിലരെ മാനേജ്മെന്റ് ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. ഫെബ്രുവരിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത സ്പെയര്‍പാട്സ് കണ്ടെത്തിയതോടെയാണ് വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റ ചുരുള്‍ അഴിഞ്ഞത്.ഏഴാം നമ്പര്‍ സ്റ്റോറില്‍ നിന്ന് 48 ഉം ഒന്‍പതാം നന്പര് സ്റ്റോറില്‍ നിന്ന് 63 ഇനങ്ങളുമാണ് പിടിച്ചെടുത്തത്.കാണാതിരിക്കാന്‍ പാഴ്വസ്തുക്കളും പേപ്പറും കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു ഇവ.ഡിപ്പോയില്‍ സ്റ്റോക്കില്ലാത്തത് കാരണം പുറത്ത് നിന്ന് വാങ്ങിച്ചിരുന്ന ഇനങ്ങളാണ് കണ്ടെത്തിയതെല്ലാം.ഇവ മറ്റ് ഡിപ്പോകള്‍ക്ക് കൊടുത്തതായി രേഖയുണ്ടാക്കി വര്‍ക്ക് ഷോപ്പില്‍ തന്നെ വിറ്റ് പണം തട്ടുകയായിരുന്നു ലക്ഷ്യം.സംഭവം മറച്ചുവയ്ക്കാനാണ് ആദ്യം വിജിലന്‍സും ശ്രമിച്ചത്.എന്നാല്‍ മനോരമ ന്യൂസ് സംഭവം പുറത്തുവിട്ടതോടെ അന്വേഷത്തിന് എംഡി ഉത്തരവിടുകയായിരുന്നു.
സ്പെയര്‍ പാട്സ് കടത്താന്‍ ശ്രമം: മൂന്ന് ജീവനക്കാര്‍ക്ക് സസ്പെന്ഷൻ
0
Share.