വയനാടന്‍ ജനതയുടെ ചിരകാലസ്വപ്നമായ ഗവ. മെഡിക്കല്‍ കോളേജിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു.
കല്പറ്റ എസ്.കെ.എം.ജെ. സ്കൂള്‍മൈതാനത്ത് ജനപ്രതിനിധികളെയും ജനസമൂഹത്തെയും സാക്ഷിനിര്‍ത്തിയാണ് എം.കെ. ജിനചന്ദ്രന്റെ പേരിലുള്ള മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. കല്പറ്റമാനന്തവാടി റോഡില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്കിയ 50 ഏക്കര്‍ കാപ്പിത്തോട്ടത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്.ഇവിടെ ആധുനികസൗകര്യങ്ങളെല്ലാമുള്ള മെഡിസിറ്റി വികസിപ്പിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മെഡിക്കല്‍ കോളേജ്, പദ്ധതിയുടെ ആദ്യഘട്ടം മാത്രമാണ്. അതൊരു തുടക്കംമാത്രം. മെഡിസിറ്റി സ്ഥാപിക്കലാണ് സര്‍ക്കാറിന്റെ പരമമായ ലക്ഷ്യം. മെഡിക്കല്‍ കോളേജിന് 25 ഏക്കര്‍ സ്ഥലം മതിയാവും. മെഡിസിറ്റികൂടി ലക്ഷ്യംവെച്ചാണ് 50 ഏക്കര്‍ വേണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 900 കോടി രൂപ ചെലവിട്ട് സ്ഥാപിക്കുന്ന മെഡിസിറ്റിയുടെ വിശദപദ്ധതി തയ്യാറായിട്ടുണ്ട്. വയനാടിന് പിന്നാക്കജില്ല എന്ന പേര് ഇനിയുണ്ടാവരുതെന്ന് സര്‍ക്കാറിനു നിര്‍ബന്ധമുണ്ട് അദ്ദേഹം പറഞ്ഞു.പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എം.ജെ. വിജയപത്മനെ മുഖ്യമന്ത്രി ആദരിച്ചു.ബജറ്റ് വിഹിതംകൊണ്ടുമാത്രം പണി പൂര്ത്തീകരിക്കാനാവില്ലെങ്കിലും സമയബന്ധിതമായി മെഡിക്കല്‍ കോളേജ് യാഥാര്ഥ്യമാക്കാനാവുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് അധ്യക്ഷതവഹിച്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ. പറഞ്ഞു. മെഡിക്കല്‍ കോളേജിനുവേണ്ടി വയനാട് ഒറ്റക്കെട്ടായി കൂടെനിന്നതിന്റെ തെളിവാണ് ശിലാസ്ഥാപനച്ചടങ്ങിലെ ജനസഞ്ചയം. പദ്ധതിക്കുവേണ്ടി ജനപ്രതിനിധികളെല്ലാം ഒറ്റക്കെട്ടായിനിന്നപ്പോള്‍ ക്രിയാത്മകമായ പിന്തുണയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.. വയനാടിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണു തുടക്കമിട്ടതെന്ന് പട്ടികവര്ഗക്ഷേമമന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. കൂട്ടായ്മയുടെ വിജയമാണ് വയനാടിന്റെ സ്വപ്നം സാക്ഷാത്കരിച്ചതെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു.
മെഡിസിറ്റി യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി
0
Share.