പ്രശസ്ത വന്യജീവി ഫോട്ടാഗ്രാഫര്‍ സീമ സുരേഷാണ് ഇത്തവണ ജീന്‍സിന്റെ പേരില്‍ വാര്‍ത്താ കേന്ദ്രമായത്. സീമ സുരേഷിന് ജീന്‍സ് ധരിച്ചു ക്ലാസെടുക്കാന്‍ കോളേജില്‍ വിലക്കേര്‍പ്പെടുത്തിയതാണ് വിവാദത്തിന് ഇടയാക്കിയത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള പെരുമ്പിലാവ് അന്‍സാര്‍ വനിതാ കോളജില്‍ ക്ലാസെടുക്കാന്‍ ക്ഷണിച്ച ശേഷമാണ് ജീന്‍സിന്റെ പേരില്‍ ഇവരെ അവഹേളിച്ചത്. നാളെ നടക്കേണ്ട ക്ലാസിലേക്കാണ് സീമയെ കോളേജ് അധികൃതര്‍ ക്ഷണിച്ചിരുന്നത്. ക്ഷണിച്ചേ ശേഷം കോളേജ് അധികൃതര്‍ സീമയെ ഫോണില്‍ വിളിച്ച് ഡ്രസ് കോഡിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയായിരുന്നു.
സീമയോട് എന്തു വസ്ത്രം ധരിച്ചാണ് ക്ലാസെടുക്കാന്‍ വരികയെന്നും, ജീന്‍സും ഓവര്കോട്ടുമായിരിക്കുമെന്നു പറഞ്ഞപ്പോള്‍ വരേണ്ടെന്നു കോളജ് മാനേജ്മെന്റ് നിര്‍ദേശിക്കുകയായിരുന്നു. ചുരിദാറും ഷാളും ധരിച്ചു വരികയാണെങ്കില്‍ മാത്രമേ ക്ലാസെടുക്കാന്‍ അനുവദിക്കൂവെന്നു കോളജ് അധികാരികള്‍ പറഞ്ഞതായും സീമ പറയുന്നു. അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍ കുന്നംകുളത്തിനടുത്തു പെരുമ്പിലാവിലെ കോളേജില്‍ പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുക്കാനാണ് സീമയെ ക്ഷണിച്ചത്. ക്ഷണിച്ചശേഷം കോളജിന്റെ വൈസ് പ്രിന്‍സിപ്പലാണ് സീമയെ വിളിച്ചു വസ്ത്രധാരണത്തെക്കുറിച്ചു ചോദിച്ചതും ജീന്‍സാണെങ്കില്‍ ക്ലാസെടുക്കാന്‍ വരേണ്ടെന്നു നിര്‍ദേശിച്ചതും.വൈസ് പ്രിന്‍സിപ്പലിന്റെ പ്രതികരണം തന്നെ ഞെട്ടിച്ചെന്നും അപമാനിക്കുന്നതു പോലെ തോന്നിയെന്നും സീമ പറഞ്ഞു.അതിഥികളുടെ ഡ്രസ് കോഡിലും തങ്ങള്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെന്നും പരിപാടിയിലേക്ക് സീമയെ ക്ഷണിച്ചിരുന്നില്ലെന്നും കോളേജ് പ്രിന്‍സിപ്പള്‍ പികെ യാക്കൂബ് പ്രതികരിച്ചു. ജീന്‍സ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നതാണ് ജീന്‍സിനെതിരായ നിലപാടെടുക്കാന്‍ കാരണമെന്നും കോളജ് അധികാരികള്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.