പാരലല്‍ കോളേജ് അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭത്തി

0

സംസ്ഥാന ഓപ്പണ്‍ സ്കൂളിന്‍റെയും നാലു യൂണിവേഴ്സിറ്റികളുടെയും കീഴില്‍ പഠനം നടത്തുന്ന 6 ലക്ഷം വരുന്ന പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളോടും മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന കാല്‍ലക്ഷം വരുന്ന ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനും അവഗണനയ്ക്കുമെതിരെ പാരലല്‍ കോളേജ് അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
റഗുലര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ററിക്ക് പതിനായിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്പോഴും ഓപ്പണ്‍ സ്കൂളില്‍ 2013 ല്‍ 85125 ഉം 2014 ല്‍ 79546 ഉം വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തി എന്നത് പാരലല്‍ കോളേജ് പഠനത്തിന്‍റെ സ്വീകാര്യത വെളിപ്പെടുത്തുന്നു.  സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം ലഭിക്കാതെ വരുന്പോള്‍ കുറഞ്ഞ ചെലവില്‍ പഠന സൗകര്യമൊരുക്കുന്ന പാരലല്‍ കോളേജുകളെ രക്ഷിതാക്കള്‍ ആശ്രയിക്കുന്നുവെന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥികളുടെ 460 രൂപ വരുന്ന രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കിയും റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന യാത്രാ സൗജന്യം സൗജന്യമായി പാഠപുസ്തകം, സ്കോളര്‍ഷിപ്പു പോലുള്ള മറ്റു സാന്പത്തിക ആനുകുല്യം എന്നിവ നല്‍കിയും ഈ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടേയും സഹായത്തിനെത്താന്‍ സര്‍ക്കാരിനു കഴിയും.
സാക്ഷരതാമിഷന് കീഴിലുള്ള തുല്യതാ പഠിതാക്കള്‍ക്കുവരെ സര്‍ക്കാര്‍ ചെലവില്‍ കലാകായിക മേളകള്‍ നടത്തുന്നുണ്ട്.  എന്നാല്‍ 6 ലക്ഷം വരുന്ന പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം മേളകള്‍ ഇല്ല.
വിവിധ സര്‍വ്വകലാശാലകളില്‍ രജിസ്ട്രേഷന്‍ നടത്തി പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന 4 ലക്ഷം വരുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളും വലിയ അവഗണനയാണ് അനുഭവിക്കുന്നത്.  റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍േണല്‍ മാര്‍ക്കിന്‍റെ സഹായത്തോടെ ഉയര്‍ന്ന മാര്‍ക്കും ഗ്രേഡും നേടാന്‍ കഴിയും.  മാര്‍ക്കില്‍ വളരെ പിറകില്‍ ആയിപ്പോകുന്ന പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനസാധ്യതയും ജോലി സാധ്യതയും ഇല്ലാതെയാകുന്നു.

കാലിക്കറ്റ്, എം.ജി. സര്‍വ്വകലാശാലകള്‍ സിലബസും പരീക്ഷയും ഏകീകരിക്കുവാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കണ്ണൂര്‍, കേരള യൂണിവേഴ്സിറ്റികള്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികളെ ഇപ്പോഴും രണ്ടാം തരക്കാരായിട്ടാണ് പരിഗണിച്ചുപോരുന്നത്.  ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയില്ലാതെ 6 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന ഈ മേഖലയില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും സര്‍ക്കാരിന്‍റെ യാതൊരു ആനുകുല്യവും ലഭിക്കുന്നില്ല.  പെന്‍ഷന്‍ ക്ഷേമനിധി പോലുള്ള ആനുകുല്യങ്ങള്‍ മദ്രസ്സാ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മറ്റു തൊഴില്‍ മേഖലകളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്പോള്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കുന്നതിനും ദശാബ്ദങ്ങളായി സേവനം നടത്തുന്ന ഈ മേഖലയിലെ ജീവനക്കാര്‍ അവഗണിക്കപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 26 ന് തിരുവനന്തപുരത്തു ചേര്‍ന്ന പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രക്ഷോഭത്തിന് തീരുമാനമെടുത്തിരിക്കുന്നത്.  ജൂണില്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും അണിനിരത്തി മുഴുവന്‍ ജില്ലകളിലും കളക്ടറേറ്റുകളിലും അവകാശസംരക്ഷണ റാലി നടത്തും.
പ്രധാന ആവശ്യങ്ങള്‍
റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മുഴുവന്‍ സ്കോളര്‍ഷിപ്പുകളും മറ്റു സാന്പത്തിക ആനുകുല്യങ്ങളും പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അനുവദിക്കുക.
മുഴുവന്‍ യൂണിവേഴ്സിറ്റികളിലും റഗുലര്‍ പ്രൈവറ്റ് വ്യത്യാസമില്ലാതെ സിലബസും പരീക്ഷകളും ഏകീകരിക്കുക
ഹയര്‍ സെക്കന്‍ററി ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തി ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുക
സമാന്തര വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ക്ഷേമനിധി ആനുകുല്യങ്ങള്‍ നടപ്പിലാക്കുക.

Share.

About Author

Comments are closed.