യു.എ.ഇ സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി

0

അബുദാബിയില്‍ അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ യു.എ.ഇ സ്വദേശിനിയുടെ വധശിക്ഷ നടപ്പാക്കി. അല്‍റീം ഗോസ്റ്റ് എന്നറിയപ്പെടുന്ന ആല ബദ്ര്‍ അബ്ദുള്ളയെ വെടിവച്ച് കൊന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറല്‍ അഹ്മദ് അല്‍ ധന്‍ഹാനി അറിയിച്ചു.ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷ നടപ്പാക്കിയത്. യുഎഇയില്‍ ആദ്യമായാണ് വനിതയ്ക്ക് വധശിക്ഷ നടപ്പാക്കുന്നത്. അബുദാബിയിലെ റീം ഐലന്‍ഡിലെ ഒരു മാളില്‍ വച്ചാണ് ആല ബദ്ര്‍ അബ്ദുള്ള, ഇബോളിയ റയാന്‍ എന്ന അമേരിക്കന്‍ വനിതയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മാളിലെ ടോയ്ലറ്റില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം പര്‍ദ കൊണ്ട് മുഖം മറച്ച് രക്ഷപെടുകയായിരുന്നു ഇവര്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊലപാതകത്തിനു ശേഷം മാളില്‍ നിന്നു രക്ഷപെട്ട ഇവര്‍ മേഖലയിലെ ഒരു വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയും ചെയ്തു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. യെമനിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് സഹായം നടത്തിയതായും കണ്ടെത്തി. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങളെല്ലാം അംഗീകരിച്ച് ഫെഡറല്‍ നിയമത്തിലെ മുപ്പത്തിനാലാം വകുപ്പ് പ്രകാരമാണ് വധശിക്ഷ നടപ്പാക്കിയത്.

Share.

About Author

Comments are closed.