മദ്യപിച്ച പോലീസ് വെടിവെച്ചു

0

മദ്യപിച്ചെത്തിയ രണ്ടു പോലീസുകാര്‍ നടത്തിയ അതിക്രമത്തെ തുടര്‍ന്ന് യുവാവിന്റെ ഒരു കൈ നഷ്ടപ്പെട്ടു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. രാജ്കുമാര്‍ രതി, ജസ്പാല്‍ സിങ് എന്നിവരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് വെടിയേറ്റയാളുടെ സഹോദരന്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിലെ ജീവനക്കാരനായ ജയപ്രകാശ് പാണ്ഡെയ്ക്കാണ് വെടിയേറ്റത്. ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയേറ്റ ജയപ്രകാശിന്റെ വലതു കൈയ്യുടെ ഒരു ഭാഗം ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മുറിവ് മാരകമായതിനാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ഇന്‍ഫെക്ഷന്‍ വ്യാപിക്കാതിരിക്കാനാണ് ഓപ്പറേഷന്‍ നടത്തിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാര്‍ട്ടി കഴിഞ്ഞു തിരിച്ചുവരുന്ന വഴി ജയപ്രകാശിന്റെ കാര്‍ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മദ്യപിച്ചിരുന്ന പോലീസുകാര്‍ വണ്ടിയുടെ പേപ്പറുകള്‍ ആവശ്യപ്പെട്ടു. പേപ്പറിന്റെ കാര്യവുമായി ഇരുകൂട്ടരും ചെറിയ വാക്കു തര്‍ക്കമുണ്ടായതായും പറയുന്നു. ഇതിനിടെ പോലീസ് കൈയ്യിലുണ്ടായിരുന്ന തോക്കെടുത്തു വെടിവെക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പ്രൈവറ്റ് ഗാര്‍ഡുമാരെ പ്രതികളാക്കി പോലീസ് രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളായ പോലീസുകാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ പോലീസുകാര്‍ ആയതിനാല്‍ കേസില്‍ നിന്നും രക്ഷപ്പെടുമെന്ന ആശങ്കയുണ്ടെന്ന് വെടിയേറ്റയാളുടെ സഹോദരന്‍ പറഞ്ഞു.

Share.

About Author

Comments are closed.