ഹൈടക്ക് കള്ളന്മാര് പോലീസിന്റെ പിടിയിലായി

0

ജി.പി.എസ് അടക്കമുള്ള ആധുനിക സംവിധാനങ്ങളോടെ കവര്‍ച്ചക്കിറങ്ങുന്ന അഞ്ചംഗ മോഷ്ടാക്കളെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു. പൊതുവെ സമ്പന്നര്‍ കൂടുതലായി താമസിക്കുന്ന ജുമൈറ, അറേബ്യന്‍ റാഞ്ചസ്, അല്‍ സഫ, എമിറേറ്റ്‌സ് ഹില്‍സ് എന്നീ മേഖലയിലുള്ള വില്ലകള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രധാനമായും കവര്‍ച്ച നടത്തിയിട്ടുള്ളത്. 15 മില്ല്യണ്‍ ദിര്‍ഹം വിലമതിക്കുന്ന 126 വാച്ചുകളും 12 മില്ല്യണ്‍ ദിര്‍ഹം വിലമതിക്കുന്ന ആഭരണങ്ങളും ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ കറന്‍സികളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. വില്ലകള്‍ സ്ഥിതി ചെയ്യുന്ന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആളില്ലാത്ത വില്ലകള്‍ കണ്ടെത്തിയാണ് സംഘം മോഷണം ആസൂത്രണം ചെയ്തിരുന്നത്. നിരന്തരം ഇത്തരം മേഖലയില്‍ നിന്നും മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കുടുക്കാന്‍ ഒരു വിദഗ്ധ സംഘം രൂപീകരിക്കുകയായിരുന്നു. അതിനിടയിലാണ് വ്യാജ പാസ്‌പോര്‍ട്ടുമായി കാര്‍ വാടകയ്‌ക്കെടുക്കാന്‍ വന്ന സുഡാന്‍ സ്വദേശികള്‍ ഷാര്‍ജ പോലീസിന്റെ പിടിയിലാവുന്നത്. ഇവരില്‍ നിന്നും കണ്ടെത്തിയ രണ്ടു വില പിടിപ്പുള്ള വാച്ചുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്യേഷണത്തിലാണ് അഞ്ചംഘം സംഘം വലയിലാകുന്നത്. jail-trial വിശദമായ ചോദ്യം ചെയ്യലില്‍ ദുബായിക്ക് പുറമെ മറ്റ് എമിറേറ്റുകളിലും ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി ദുബൈ പോലീസ് കമാന്‍ന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസൈന വ്യക്തമാക്കി. മോഷണ വസ്തുക്കള്‍ ഒമാനിലേക്ക് കടത്തി ഒമാന്‍ വഴി രക്ഷപ്പെടാനായിരുന്നു സംഘത്തിന്റെ പദ്ധതി.

ഇത്തരത്തില്‍ ചില മോഷണ വസ്തുക്കള്‍ പാര്‍സല്‍ അയച്ചതായും എന്നാല്‍ മുഴുവന്‍ വസ്തുക്കളും തിരികെ എത്തിക്കാന്‍ പോലീസിനു സാധിച്ചതായും പോലീസ് മേധാവി അറിയിച്ചു. സംഘത്തിന്റെ അറസ്‌റ്റോടെ ദുബായില്‍ നടന്ന നിരവധി മോഷണങ്ങള്‍ക്ക് തെളിവു ലഭിക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രൊസിക്യൂഷനു കൈമാറി.

Share.

About Author

Comments are closed.