കുള്ളനല്ല പ്ലൂട്ടോ

0

കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ വലിപ്പം മുമ്പ് കണക്കാക്കിയതിലും അല്പം കൂടുതലാണെന്ന് കണ്ടെത്തല്‍.പ്ലൂട്ടോയുടെ അരികിലെത്തിയ നാസയുടെ പര്യവേക്ഷണപേടകമായ ന്യൂ ഹൊറൈസണ്‍സാണ് വലിപ്പം നിര്‍ണയിച്ചത്.
പ്ലൂട്ടോയ്ക്ക് 2370 കിലോമീറ്റര്‍ വ്യാസമുണ്ടെന്നാണ് ന്യൂ ഹൊറൈസണ്‍സിലെ ‘ലോങ് റെയ്ഞ്ച് റിക്കനൈസണ്‍സ് ഇമേജര്‍’ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്ന് ഗവേഷകര്‍ എത്തിയ നിഗമനം.ഭൂമിയുടെ 18.5 ശതമാനം വ്യാസമാണ് പ്ലൂട്ടോയ്ക്കുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.
സൗരയൂഥത്തില്‍ നെപ്റ്റിയൂണിനപ്പുറത്തെ ഏറ്റവും വലിയ ഗോളം പ്ലൂട്ടോയാണെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് ഈ കണ്ടെത്തല്‍.
1930-ല്‍ പ്ലൂട്ടോയെ കണ്ടെത്തിയ നാള്‍ മുതല്‍ ആരംഭിച്ചതാണ് അതിനെത്ര വലിപ്പമുണ്ടെന്ന ചോദ്യം.അതിനിപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നു -ന്യൂ ഹൊറൈസണ്‍സ് മിഷന്‍ സയന്റിസ്റ്റായ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബില്‍ മക്കിന്നോന്‍ പറഞ്ഞു.
പ്ലൂട്ടോയുടെ അന്തരീക്ഷമാണ് അതിന്റെ വലിപ്പം കൃത്യമായി കണക്കാക്കുന്നത് വലിയ വെല്ലുവിളിയാക്കിമാറ്റിയതെന്ന് നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.അതേസമയം, പ്ലൂട്ടോയുടെ പ്രധാന ഉപഗോളമായ കെയ്‌റണിന് അന്തരീക്ഷമില്ല. അതിനാല്‍, ഭൂമിയിലെ ടെലിസ്‌കോപ്പുകളുപയോഗിച്ച് അതിന്റെ വലിപ്പം കണ്ടെത്തുക എളുപ്പമാണ്. മുമ്പ് നടത്തിയിട്ടുള്ള നിരീക്ഷണങ്ങളില്‍ കെയ്‌റണിന്റെ വ്യാസം 1208 കിലോമീറ്ററാണെന്നുകണ്ടത്, ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണവും ശരിവെച്ചിരിക്കുകയാണ്. ന്യൂ ഹൊറൈസണ്‍സ് പേടകം പ്ലൂട്ടോയ്ക്കരികില്‍സൗരയൂഥപഠനത്തെ പുതിയ ചക്രവാളത്തിലേക്ക് കൈപിടിച്ചുനടത്തി നാസയുടെ ന്യൂ ഹൊസൈണ്‍സ് പേടകം പ്ലൂട്ടോയെ ‘സന്ദര്‍ശിച്ചു’.ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിതമായ പേടകം പ്ലൂട്ടോയ്ക്ക് അരികിലെത്തുന്നത്.
സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂ ഹൊറൈസണ്‍സ് പേടകം, സൗരയൂഥത്തിലൂടെ ഒന്‍പതരവര്‍ഷം സഞ്ചരിച്ചാണ് കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയ്ക്ക് 12,500 കിലോമീറ്റര്‍ അരികിലെത്തുന്നത്. 2006 ജനവരി 19-നാണ് പേടകം ഭൂമിയില്‍നിന്ന് പുറപ്പെട്ടത്.അന്ന് പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാമത്തെ ഗ്രഹമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍, പേടകം അരികിലെത്തുമ്പോള്‍ പ്ലൂട്ടോ ഗ്രഹപദവി നഷ്ടപ്പെട്ട് കുള്ളന്‍ ഗ്രഹങ്ങളുടെ ഗണത്തിലായി .
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 5.19-ന് പേടകം പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തി.നാലരമണിക്കൂര്‍കൊണ്ടേ പേടകത്തില്‍നിന്ന് റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തൂ.
ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണത്തിന്റെ ഫലമായി പ്ലൂട്ടോയെയും അതിന്റെ ഉപഗോളങ്ങളായ കെയ്‌റണ്‍, സ്റ്റിക്‌സ്, നിക്‌സ്, കെര്‍ബറോസ്, ഹൈഡ്ര എന്നിവയെയുംകുറിച്ച് സുപ്രധാനവിവരങ്ങള്‍ ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

Share.

About Author

Comments are closed.