ഇന്ത്യ ഇറ്റലിക്കെതിരെ നിലപാടെടുക്കും

0

കടല്‍ക്കൊലക്കേസില്‍ ഇറ്റലി ഇന്ത്യയിലെ നിയമനടപടികളെ അപമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര മധ്യസ്ഥര്‍ക്കു മുന്‍പാകെ ഉന്നയിക്കും. പ്രശ്നത്തിന് ഇന്ത്യയില്‍ തന്നെ പരിഹാരം സാധ്യമാണെന്നും, രാജ്യത്തെ പ്രാഥമിക നിയമനടപടികള്‍ പോലും ഇറ്റലി പൂര്‍ത്തിയാക്കിയില്ലെന്നും ഇന്ത്യ നിലപാടെടുക്കും.കടല്‍ക്കൊലക്കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ പ്രതികളായ മറീനുകളോട് സ്വീകരിച്ച മൃദുസമീപനം വലിയ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ്, രാജ്യാന്തര മധ്യസ്ഥര്‍ക്കു മുന്‍പാകെ ശക്തമായ നിലപാടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കടലില്‍ വച്ചുണ്ടാകുന്ന പ്രശ്നങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറാക്കിയ യുഎന്‍ ക്ലോസിന്‍റെ അടിസ്ഥാനത്തിലാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടത്.എന്നാല്‍ രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെടും മുന്‍പ് പൂര്‍ത്തീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള യു.എന്‍ ക്ലോസിലെ 294, 295 വകുപ്പുകള്‍ ഇറ്റലി പാലിച്ചെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും. സംഭവം നടന്ന രാജ്യത്തെ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെടാവൂയെന്ന വ്യവസ്ഥയും പ്രശ്നത്തിന് പ്രാദേശിക തലത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന വ്യവസ്ഥയും ഇറ്റലി കണക്കിലെടുത്തില്ലെന്നാവും ഇന്ത്യയുടെ വാദം. അതേസമയം സംഭവം നടന്ന് രണ്ടു വര്‍ഷത്തിലേറെയായിട്ടും കേസില്‍ ഇന്ത്യയില്‍ വിചാരണ തുടങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നാണ് ഇറ്റലിയുടെ മറുവാദം. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടതെന്നും ഇറ്റലി ചൂണ്ടിക്കാട്ടും.

Share.

About Author

Comments are closed.