കോളിളക്കം സൃഷ്ടിച്ച സഫിയ ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ.

0

കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയ്ക്ക് വധശിക്ഷ. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവും നാലാംപ്രതിയും ഹംസയുടെ ബന്ധുവുമായ കുമ്പള ആരിക്കാടി കുന്നില്‍ എം.അബ്ദുല്ലക്ക് മൂന്നു വര്‍ഷവും തടവും കോടതി വിധിച്ചു. പതിമ്മൂന്ന് കാരിയായിരുന്ന സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം.ജെ.ശക്തിധരന്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹംസ മൂന്നു വര്‍ഷം കഠിനതടവും ശിക്ഷ അനുഭവിക്കണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹംസയോട് 10 ലക്ഷം പിഴയടക്കാനും ഉത്തരവായി. പിഴ കെട്ടാത്തപക്ഷം മൂന്നു വര്‍ഷം കഠിന തടവ് അനുഭവിക്കണം. ഇതില്‍ എട്ട് ലക്ഷം രൂപ സഫിയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. മറ്റ് രണ്ട് പ്രതികളും 5000 രൂപ വീതം പിഴ നല്‍കണം. ഹംസയുടെ ഭാര്യ മൈമുനയുടെ പേരില്‍ കൊലപാതകക്കുറ്റം, കുറ്റകൃത്യം മറച്ചുവെക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഈ രണ്ട് കുറ്റത്തിനും മൂന്നു വര്‍ഷം വീതം ആകെ ആറ് വര്‍ഷം തടവ് മൈമുന അനുഭവിക്കണം. 5000 പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം സാധാരണം തടവും അനുഭവിക്കണം. ഹംസയുടെ ബന്ധു അബ്ദുല്ലയെ കുറ്റകൃത്യം മറച്ചുവെച്ചതിനാണ് മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ ദൊഡ്ഡപ്പിള്ളി മൊയ്തു ഹാജി, അഞ്ചാം പ്രതി റിട്ട.എ.എസ്.ഐ പി.എന്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന കാരണത്താല്‍ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ടീമിനേയും പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂറിനേയും ഫോറന്‍സിക് പരിശോധന നടത്തിയ ഡോ.ഷേര്‍ളി വാസുവിനേയും കോടതി പ്രശംസിച്ചു.

Share.

About Author

Comments are closed.