യൂസഫലിയുടെ മകള് ഇന്ത്യന് രുചി വിപണിയിലേക്ക്

0

വ്യവസായ പ്രമുഖനായ എം.എ. യൂസഫലിയുടെ മകളും ഇന്ത്യയിലെ ബിസിനസ് രംഗത്തേക്ക്. അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്‌റ്റോറന്റ് ശൃംഖലയാണ് ഷഫീന യൂസഫലി ഇന്ത്യയിലും ശ്രീലങ്കയിലുമായി ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചു വര്‍ഷംകൊണ്ട് 150 കോടി രൂപ മുതല്‍മുടക്കും.
യു.എ.ഇ. നഗരങ്ങളായ അബുദാബിയിലും ദുബായിലും റെസ്‌റ്റോറന്റ് ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന ഷഫീനയുടെ കേരളത്തിലെ ആദ്യസംരംഭം കൊച്ചിയിലെ ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിള്‍സ് ഫുഡ് കമ്പനിയാണ് ഇതിനു പിന്നില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യു.എ.ഇ.യില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇന്ത്യയില്‍ ഗലീറ്റോവിന് പുറമേ, അമേരിക്കയില്‍ നിന്നുള്ള കോള്‍ഡ് സ്‌റ്റോണ്‍ ഐസ്‌ക്രീമും ടേബിള്‍സ് വിപണനം നടത്തും. ടേബിള്‍സിന്റെ സ്വന്തം ബ്രാന്‍ഡായ ബ്ലൂംബറീസ് കഫെ ആന്‍ഡ് ബേക്കറിയും ഇതിനൊപ്പം ഇന്ത്യയിലെത്തും. ആഗസ്ത് 20ന് ആദ്യ ഔട്ട്‌ലെറ്റ് കൊച്ചി ലുലുമാളില്‍ തുറക്കും. രുചിവിപണിയിലെ കൂടുതല്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനും ടേബിള്‍സ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആഗസ്തില്‍ തുടങ്ങുന്ന വിപണനം ഒക്ടോബറോടെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ന്യൂഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ മെട്രോ നഗരങ്ങളിലായിരിക്കും രണ്ടാം ഘട്ടത്തില്‍ ഇവ ആരംഭിക്കുന്നത്. 2010ലാണ് ഷഫീനയുടെ നേതൃത്വത്തില്‍ ടേബിള്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്റെ യു.എ.ഇ., ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ വിപണനാവകാശം കഴിഞ്ഞ വര്‍ഷമാണ് ടേബിള്‍സ് നേടിയത്. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനകം ഗലീറ്റോയുടെ പത്ത് ശാഖകളാണ് ടേബിള്‍സ് തുറക്കുന്നത്. ഇതിനായി 64 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അമേരിക്കയിലെ അരിസോണ കേന്ദ്രമായുള്ള കോള്‍ഡ് സ്‌റ്റോണ്‍ ക്രീമറിയുമായി കഴിഞ്ഞദിവസമാണ് ടേബിള്‍സ് ധാരണയിലെത്തിയത്. ഇന്ത്യയില്‍ നാല്‍പ്പതും ശ്രീലങ്കയില്‍ അഞ്ചും ശാഖകളായിരിക്കും ഇതിനായി തുടങ്ങുന്നത്. എണ്‍പത് കോടി രൂപയോളമാണ് ഇതിനായി മുതല്‍മുടക്കുന്നത്.

Share.

About Author

Comments are closed.