ആനവേട്ട: മൂന്നു പേർ അറസ്റ്റിൽ

0

ആനവേട്ട സംഘത്തിലെ പ്രധാനി ഐക്കരമറ്റം വാസുവിന്‍റെ ബന്ധുക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ. സഹോദരി അംബിക , ഭര്‍ത്താവ് ലക്ഷ്മണന്‍ ,വാസുവിന്‍റെ സഹായി ഷീജ എന്നിവരാണ് അറസ്റ്റിലായത്. വില്‍പനയ്ക്കായി ആനക്കൊന്പ് സൂക്ഷിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം ആനവേട്ടസംഘം വ്യാപാരികള്‍ക്ക് ആനക്കൊന്പ് വിറ്റത് കാലടിയിലെ ഹോട്ടലില്‍ വച്ചാണെന്ന് വനംവകുപ്പ് സംഘത്തിന് വിവരം ലഭിച്ചു. അറസ്റ്റിലായ പ്രതികളില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ ഐക്കരമറ്റം വാസുവിന്‍റെ ബന്ധുക്കളടക്കം മൂന്ന് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴയിലെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വേട്ടയാടി കൊന്ന ആനയുടെ കൊന്പുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചത് ഇവരാണെന്നാണ് സൂചന. കാലടിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ആനക്കൊന്പിന്‍റെ കച്ചവടം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.ആനവേട്ട സംഘത്തിലെ പ്രധാനിയായ ഐക്കരമറ്റം വാസു ഈ വര്‍ഷം ജനുവരി 17ന് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. അന്ന് വന്‍തുകയുടെ ആനക്കൊന്പ് കച്ചവടം നടന്നെന്നും കണ്ടെത്തി. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പ്രിസറ്റനില്‍ നിന്നാണ് അന്വേഷണസംഘത്തിന് ഈ വിവരങ്ങള്‍ ലഭിച്ചത്. ആനവേട്ട സംഘത്തിലെ പ്രധാനികളായ വാസു, എല്‍ദോസ് ,അജീഷ് ,ജിജോ എന്നിവരെ കണ്ടെത്താന്‍ ഇനിയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.

Share.

About Author

Comments are closed.