അരയല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്കുകൊണ്ട് ലക്ഷദീപം

0

തിരുവനന്തപുരം – തിരുമല അരയല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ചിത്രാപൗര്‍ണ്ണമി ദിവസമായ മെയ് 3 ന് ലക്ഷം നാരങ്ങാവിളക്കുകള്‍കൊണ്ട് ദീപക്കാഴ്ച ഒരുക്കുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു ദേവീക്ഷേത്രത്തില്‍ നാരങ്ങാവിളക്കു കൊണ്ട് ലക്ഷദീപം ഒരുക്കുന്നത്.

ക്ഷേത്രത്തിന് ചുറ്റും പരിസരപ്രദേശങ്ങളിലും തടിയില്‍ തട്ടുകള്‍ നിര്‍മ്മിച്ച് അതിന് മുകളിലാണ് നാരങ്ങാവിളക്കുകള്‍ സ്ഥാപിക്കുന്നത്. അന്‍പതിനായിരം നാരങ്ങളകള്‍ ഛേദിച്ച് ഒരു ലക്ഷം വിളക്കുകളായി അതിനുള്ളില്‍ എള്ള് കിഴിയില്‍ തീര്‍ത്ത തിരിയിട്ടാണ് ദീപം തെളിയിക്കുന്നത്.  നൂറുകണക്കിന് ആളുകള്‍ ദിവസങ്ങളോളം ശ്രമദാനം നടത്തിയാണ് തട്ടുനിര്‍മ്മാണവും വിളക്കുസ്ഥാപിക്കലും പൂര്‍ത്തീകരിച്ചതെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  30 ന് വൈകുന്നേരം 5 ന് നാരങ്ങാവിളക്കിനുള്ള നാരങ്ങകളുടെ ശുദ്ധിപൂജ ക്ഷേത്ര തന്ത്രി ഗോ ശാല വിഷ്ണുവാസുദേവന്‍ നന്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

ഏകദീപം, പഞ്ചദീപം, ദശദീപം, പഞ്ചാശത് ദീപം, ഏകോത്തര ശതദീപം എന്നിങ്ങനെ ഭക്തര്‍ക്ക് ഇഷ്ടാനുസരണം ദീപം തെളിയിക്കാന്‍ ക്ഷേത്ര ട്രസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.  ചലച്ചിത്രതാരം സുരേഷ് ഗോപി 3 ന് വൈകുന്നേരം 5.30 ന് ആദ്യ നാരങ്ങാവിളക്കില്‍ ദീപം പകര്‍ന്ന് ലക്ഷം നാരങ്ങാവിളക്ക് മഹായജ്ഞത്തിന് തുടക്കം കുറിക്കും.  രാഹുദോഷ പരിഹാരത്തിന് നടത്തിവരാറുള്ള നാരങ്ങാവിളക്ക് നേര്‍ച്ച ലക്ഷദീപമാക്കി അരയല്ലൂര്‍ ദേവീക്ഷേത്രം ചരിത്രത്തില്‍ ഇടംനേടുകയാണ്.

നാരങ്ങാവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വൈകുന്നേരം 5 ന് നടക്കുന്ന മഹാസമ്മേളനത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് അരയല്ലൂരമ്മ കീര്‍ത്തി പുരസ്കാരം നല്‍കും.  ബിച്ചുതിരുമല (ഗാനരചയിതാവ്), കൊച്ചുപ്രേമന്‍ (ചലച്ചിത്രതാരം), ജി. ശങ്കര്‍ (വാസ്തു ശില്‍പി), ശിവാകൈലാസ് (പത്രപ്രവര്‍ത്തനം), കൃഷ്ണചന്ദ്രന്‍ (ഗായകന്‍), എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ അരയല്ലൂരമ്മ കീര്‍ത്തി പുരസ്കാരം നല്‍കുന്നത്.  വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി. രവീന്ദ്രന്‍ തന്പി, ജനറല്‍ കണ്‍വീനര്‍ സി. ശിവന്‍കുട്ടി, ചീഫ് കോര്‍ഡിനേറ്റര്‍ എന്‍. ബാബു എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.