കുവൈത്ത് ചുട്ടുപൊള്ളുന്നു. ദിവസങ്ങളായി താപനില 50 ഡിഗ്രി സെല്‍ഷ്യല്‍സില്‍ നില്‍ക്കുകയാണ്. ചൂടിന്റെ കാഠിന്യം പെരുനാള് അവധി ദിവസങ്ങളെ ആലസ്യത്തിലാക്കി. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഔദ്യോഗിക സംവിധാനങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് ദിവസങ്ങളായി രേഖപ്പടുത്തുന്ന താപനില. ഈ സമയങ്ങളില്‍ വാഹനങ്ങളിലും മറ്റും രേഖപ്പെടുത്തപ്പെട്ട താപനില അതിലും കൂടുതലാണ്. ഔദ്യോഗിക സംവിധാനത്തില്‍ 50 ഡിഗ്രിക്കു മീതെ താപനില രേഖപ്പെടുത്തപ്പെടാറില്ല എന്ന പ്രചാരണം നിലവിലുണ്ട്. പകലുകള്‍ മാത്രമല്ല രാത്രിയും ചുട്ടുപൊള്ളുകയാണ്. പുറത്തിറങ്ങിയാല്‍ ശക്തമായ ചൂടു കാറ്റും. വെള്ളിയാഴ്ച തൊട്ട് പെരുന്നാള്‍ അവധിയാണെങ്കിലും കടുത്ത ചൂടുമൂലം ഭൂരിഭാഗം പേരും പുറത്തിറങ്ങാതെ താമസസ്ഥലത്തുതന്നെ കഴിച്ചുകൂട്ടി.രാത്രി കാലങ്ങളില്‍ ബീച്ചുകളില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഏതാനും ദിവസം കൂടി ഇപ്പോഴത്തെ കാലവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.