ആനവേട്ടക്കേസിലെ ഐക്കരമറ്റം വാസു മരിച്ച നിലയില്

0

കേരളത്തില്‍നടന്ന ആനവേട്ടക്കേസുകളിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ ഡോഡാമാര്‍ഗിലുള്ള ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ആനവേട്ടയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നതോടെ ഒളിവില്‍ പോയ വാസുവിനായി വനംവകുപ്പ് തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് മരണം.മഹാരാഷ്ട്ര, ഗോവ, കര്‍ണാടക അതിര്‍ത്തി ജില്ലയായ സിന്ധുദുര്‍ഗിലെ പൈനാപ്പിള്‍ ഫാമില്‍ ജോലിക്കുചേര്‍ന്ന വാസുവിനെ ഞായറാഴ്ച ഉച്ചയോടെയാണ് മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരുമാസംമുന്‍പാണ് ഡോഡാമാര്‍ഗില്‍ പെരുന്പാവൂര്‍ സ്വദേശി മനോജിന്‍റെ ഉടമസ്ഥതയിലുള്ള പൈനാപ്പിള്‍ ഫാമില്‍ വാസു ജോലിക്കുചേര്‍ന്നത്. വാസുവിനെതിരെയുള്ള ലുക്ക് ഔട്ട് നോട്ടീസ് കണ്ട് തിരിച്ചറിഞ്ഞ മനോജ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.ആനവേട്ടക്കേസില്‍ വാസുവിന്‍റെ ബന്ധുക്കളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വനംവകുപ്പിന്‍റെ കേസ് കാരണം താന്‍ പോവുകയാണെന്നും പെങ്ങളും ഭര്‍ത്താവും മകനും നിരപരാധിയാണെന്നും വാസുവിന്‍റെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വാസു രണ്ട് ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും മരണസമയത്ത് കയ്യിലുണ്ടായിരുന്ന ബാഗില്‍നിന്നു കണ്ടെത്തിയ ഫോണുകളില്‍ സിം കാര്‍ഡ് ഇല്ലായിരുന്നുവെന്ന് മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. വാസുവിന്‍റെ മൃതദേഹം ഡോഡമാര്‍ഗ് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ നാട്ടില്‍നിന്ന് എത്തിയശേഷം വിട്ടുനല്‍കും.

Share.

About Author

Comments are closed.