സനാതന ധർമ്മമാണ് ഭാരതമെന്ന മഹാരാഷ്ട്രത്തിന്റെ ജീവാത്മാവ് എന്ന ഓർമ്മപ്പെടുത്തൽടിയാൻ

0

…കാലാകാലങ്ങളായി സനാതനധർമ്മത്തിന് മേൽ പലരൂപത്തിൽ പലഭാവത്തിൽ നടക്കുന്ന സംഘടിത ആക്രമണങ്ങൾക്കൊന്നും തന്നെ അതിന്റെ പവിത്രതയെ തരിമ്പും സ്പർശിക്കാനായിട്ടില്ല, ഇനിയാവുകയുകില്ല എന്ന ഓർമ്മപ്പെടുത്തൽ …ഒരു വ്യക്തി അവന്റെ ജന്മകുലമേതായാലും അവനിൽ ആത്മീയധാരയിലൂടെ പ്രപഞ്ചശക്തി നിറയുന്നത് സനാതന ഗുരുപരമ്പരകളിൽ കൂടി മാത്രമായിരിക്കുമെന്ന ഓർമ്മപ്പെടുത്തൽ …ആധ്യാത്മിക രംഗത്തെ കച്ചവടക്കാരുടെ ആയുസ്സ് അധികനാൾ നീളില്ലെന്ന ഓർമ്മപ്പെടുത്തൽ ….
യഥാർത്ഥ സന്ന്യാസി ശ്രേഷ്ഠന്മാരുടെ കഠിനമായ നിഷ്ഠകൾ ഈ കാലഘട്ടത്തിലും ഈ രാഷ്ട്രത്തിന്റെ ആത്മീയ തേജസ്സായി നിലനിൽക്കുന്നുവെന്ന ഓർമ്മപ്പെടുത്തൽ ….
അങ്ങനെ …അങ്ങനെ …സന്ത് കബീർദാസിന്റെ വരികൾ പശ്ചാത്തലമാക്കിയുള്ള തകർപ്പൻ ടീസറിലൂടെയാണ് റിലീസിന് മുൻപേ തന്നെ ടിയാൻ ശ്രദ്ധ നേടിയതെങ്കിൽ ,പിന്നീട് ഈ സിനിമയുടെ രാഷ്ട്രീയ പക്ഷത്തെകുറിച്ചായി ചർച്ചകൾ….ഉത്തരേന്ത്യയിലെ കുഗ്രാമത്തിന്റെ പച്ഛാത്തലമായതു കൊണ്ടുതന്നെ പല ദീർഘദർശികളും പലതരത്തിലുള്ള കഥകൾ നെയ്തെടുത്തു…എന്നാൽ ഈ കൂട്ടരെയെല്ലാം നിരാശരാക്കിക്കൊണ്ടു ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമായ അല്ലെങ്കിൽ ഏറ്റവും കൂടുതൽ പ്രസക്തമായ ഒരു സുപ്രധാന ചിന്താധാരയാണ് ടിയാൻ ചർച്ച ചെയ്യുന്നത് ….“പ്രപഞ്ച ശക്തി ഓരോ മനുഷ്യരിലുമുണ്ട് ..ജ്ഞാനി അതിനെ മനസിലാക്കുന്നു …അനുഗ്രഹീതൻ അതിനെ അനുഭവിക്കുന്നു …നീചൻ അതിനെ ദുരുപയോഗം ചെയ്യുന്നു …”സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഭാരത സംസ്കാരം മെനഞ്ഞെടുത്ത കോടാനുകോടി ആചാര്യപരമ്പരകളിലൂടെ കൈമാറിവന്ന സനാതനധർമ്മത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ നിർവചനമാണിത് ..ഭഗവത്ഗീതയിലെ പത്താമധ്യായത്തിൽ അത് വളരെ വ്യക്തമായി കാണിച്ചിട്ടുമുണ്ട് …മേല്പറഞ്ഞ മൂന്നു ഗണങ്ങളിലും പെട്ട ഓരോ വ്യക്തികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നെയ്തെടുത്ത അതിസങ്കീർണ്ണമായ പ്രമേയമാണ് ടിയാനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് …ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ സമകാലീന രാഷ്ട്രീയ കേരളത്തിന്റെ പുഴുക്കുത്തുകൾ സധൈര്യം പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്ത മുരളിഗോപിയുടെ തികച്ചും സ്ഫോടനാത്മകമായ തിരക്കഥയാണ് ടിയാന്റെ നട്ടെല്ല് .ചിലപ്പോഴൊക്കെ നീട്ടിവലിക്കുന്നുണ്ടോ എന്ന സംശയം ഉണ്ടാകാമെങ്കിലും പ്രമേയത്തിലെ മേൽപ്പറഞ്ഞ അതിസങ്കീർണ്ണത തന്നെയാണ് അതിന്റെ കാരണമെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിക്കും ..ഉത്തരേന്ത്യൻ ഗ്രാമങ്ങൾ എന്നും മലയാളികൾക്കൊരു സമസ്യയാണ് .അതിന് ചരിത്രപരവും,ഭൂമിശാസ്ത്ര പരവും,സാംസ്കാരികപരവുമായ കാരണങ്ങൾ ഏറെയുണ്ടെങ്കിലും തരം കിട്ടുമ്പോഴെല്ലാം ഉത്തരേന്ത്യക്കാരെ പുച്ഛിക്കാനാണ് സ്വയംപുരോഗമനക്കാർ എന്ന് വൃഥാ ധരിച്ചു വെച്ചിരിക്കുന്ന വരേണ്യ മലയാളികൾക്കിഷ്ടം .ഉത്തരേന്ത്യൻ ജനതയുടെ മനസ്സിലെ അടിയുറച്ച വികാരമാണ് കലർപ്പില്ലാത്ത ഈശ്വരഭക്തി.കാലാകാലങ്ങളായി അതിനെ പലരും രാഷ്ട്രീയപരമായും അല്ലാതെയും ഒക്കെ മുതലെടുത്തിട്ടുമുണ്ട് ..പക്ഷെ പൊള്ളത്തരം തിരിച്ചറിയുമ്പോൾ അവർ തന്നെ അതിനെല്ലാം വേണ്ട ശിക്ഷകൾ കൊടുത്തിട്ടുള്ള ചരിത്രവും നമുക്കറിയാം ..
ഉത്തരേന്ത്യൻ ജനതയുടെ ഭക്തിയും,അതിനെ വിറ്റുകാശാക്കാൻ ശ്രമിക്കുന്ന കച്ചവട ലോബികളുടെ കുതന്ത്രങ്ങളും ഒടുവിൽ അനിവാര്യമായ സനാതന ധർമ്മ വിജയവുമൊക്കെ ജ്ഞാനി,അനുഗ്രഹീതൻ,നീചൻ എന്നീ മൂന്നു വ്യക്തിത്വങ്ങളിലൂടെ 2മണിക്കൂർ 47 മിനിറ്റ് കൊണ്ട് പറയുകയാണ് ടിയാൻ ….
ആദി ശങ്കരാചാര്യർ ദിഗ്വിജയത്തിനിറങ്ങിയത് എ.ഡി ഒൻപതാം നൂറ്റാണ്ടിലായിരുന്നു .സനാതന ധർമ്മ പ്രചാരണത്തിനായി ഭാരതഭൂവിലെങ്ങും സഞ്ചരിച്ചു അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങൾ ഇന്നും സനാതന ധർമ്മ പതാകാവാഹകരായി പ്രഭ ചൊരിഞ്ഞു നിൽക്കുന്നുമുണ്ട് ..ടിയാനിലെ സുപ്രധാന കഥാ കേന്ദ്രമായ പട്ടാഭിരാമഗിരിയുടെ ഭവനവും അതിലൊന്നായാണ് സിനിമയിൽ പറയുന്നത് .ഗിരി പരമ്പരയിലെ 28-ആം കണ്ണിയായ പട്ടാഭിരാമന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത് .
മോഹൻലാലിന്റെ ശബ്ദത്തിൽ ഈ മഠത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന സിനിമ പിന്നീട് ഘാഗ്രവാടിയെന്ന കുഗ്രാമത്തിലെ ജനതയുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നു …കോർപ്പറേറ്റ് ഭീമന്മാരുടെ ദല്ലാളായി ഒരു ഗ്രാമം ഒന്നടങ്കം ഒഴിപ്പിക്കുവാൻ വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്ന കള്ളസംന്യാസിയായി ഉജ്ജ്വല പ്രകടനമാണ് മുരളിഗോപി കാഴ്ചവെച്ചിരിക്കുന്നത് …ഭക്തിയുടെ കപട വ്യാപാരിയുടെ ക്രൂരതകളും,സൂത്രപ്പണികളും,ബിസിനസ്സ് താല്പര്യങ്ങളുമെല്ലാം നന്നായി വരച്ചു കാണിച്ചിരിക്കുന്നു മഹാശയ ഭഗവാൻ എന്ന കഥാപാത്രത്തിലൂടെ …ഉത്തരേന്ത്യൻ പച്ഛാത്തലമായതു കൊണ്ട് ബീഫില്ലാതെ കേരളത്തിലെ പുരോഗമനക്കാരുടെ കൈയ്യടി കിട്ടില്ലായെന്ന തിരിച്ചറിവായിരിക്കാം ഗോമാംസം കഴിച്ചതിന് യുവാവിനെ പോലീസ് സ്റ്റേഷനിൽ ശിക്ഷിക്കുന്ന രംഗം ഇടയിൽ കുത്തിക്കയറ്റിയത് …(സിനിമ തീർച്ചയായും മുതൽമുടക്കുള്ള ബിസിനസ്സ് ആണല്ലോ )ഉത്തരേന്ത്യയിൽ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു വസ്തുവിന്റെ പേരിലല്ലേ പോലീസ് നടപടിയെന്ന് ചോദിയ്ക്കാൻ ധൈര്യമുള്ള കഥാപാത്രമൊന്നും എന്തായാലും സിനിമയിലില്ല .നേരത്തെ പറഞ്ഞത് പോലെ കേരളമെന്ന സോ കോൾഡ് മാർക്കറ്റിൽ വിറ്റുപോകുകയും വേണമല്ലോ ….കഥാഖ്യാനത്തിലെ ഒരുപശാഖ പോലെയാണ് പൃഥ്വിരാജിന്റെ കഥാപാത്രം അവധൂതനായ ഒരു ഫക്കീറിനെ പോലെ ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നത് .ഇടവേളയ്ക്കു ശേഷമാണു അസ്ലൻ മുഹമ്മദ് എന്ന ആ കഥാപാത്രത്തിന്റെ നിഗൂഢതകൾ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് …
കാട്ടാളനിൽ നിന്നും മഹർഷിയായി പരിണമിച്ച വാത്മീകിയെപോലെ കൊടുംകുറ്റവാളിയിൽ നിന്നും സനാതനധർമ്മത്തിന്റെ പ്രഭാകിരണങ്ങൾ ഹൃദയത്തിലാവാഹിച്ച കഥാപാത്രമായി പൃഥ്വി വരുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ചുളിഞ്ഞേക്കാം ..പട്ടാഭിരാമ ഗിരിയായി ഇന്ദ്രജിത് സിനിമ മുഴുവനും നിറഞ്ഞു നിൽക്കുമ്പോൾ തിരശീലക്കു പിന്നിൽ നിന്ന് പട്ടാഭിരാമന് കരുത്തുപകരുന്ന അസ്ലനായി പൃഥ്വിയും തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് ..
കപട ആത്മീയനേതാക്കളുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്ന സിനിമ അതേസമയം തന്നെ യഥാർത്ഥ സംന്യാസികളുടെ അതീന്ദ്രിയ ജ്ഞാനവും,അമാനുഷികമായ ശക്തികളും അഘോരികളിലൂടെയും,പദ്മപ്രിയ അവതരിപ്പിച്ച സന്ന്യാസിനിയിലൂടെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു ..
ആയിരത്തോളം കലാകാരന്മാരെയും കൂടി ഉൾപ്പെടുത്തി ചിത്രീകരിച്ച യഥാർത്ഥ കുംഭമേളയും,അഘോരികളുടെ വാസസ്ഥലങ്ങളും,ചടുലമായ ശിവസ്തുതികളുടെ അകമ്പടിയിൽ മലയാള പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് ഇതാദ്യമായിരിക്കും …അഘോരികളിൽ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച പ്രപഞ്ച ശക്തിയെ സ്വായത്തമാക്കിയ അസ്ലൻ മുഹമ്മദിനോട് ഈശ്വരനെ അറിയാൻ,പ്രപഞ്ച ശക്തി അനുഭവിക്കാൻ മതം മാറേണ്ട കാര്യമില്ല എന്ന് അഘോരി സന്ന്യാസി പറയുന്നതാണ് ഈ സിനിമയിലെ മാസ്സ് സീൻ …സനാതനധർമ്മത്തിന്റെ വിശാലതയാണ് ഇതിൽകൂടി തെളിയിക്കപ്പെടുന്നത് ..ജനങ്ങളുടെ ഭക്തിയെ ചൂഷണം ചെയ്യുന്നവരുടെ മേൽ സനാതനധർമ്മം അന്തിമവിജയം നേടുമെന്ന് അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത് ..പട്ടാഭിരാമനും,അസ്ലനും തമ്മിലുള്ള ബന്ധം പ്രേക്ഷകർക്ക് മനസ്സിലാക്കാൻ 1520ലെ റായ്ച്ചൂർ യുദ്ധമാണ് ഇരുവരുടെയും സ്വപ്നങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് വരുന്നതെങ്കിലും ക്ളൈമാക്സിൽ മാത്രമേ അതിന്റെ ചരിത്രം കാണികൾക്കു മനസ്സിലാകൂ …തന്റെ മൂന്നാം സിനിമ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാറിന് വലിയ പ്രമേയങ്ങൾ വലിയ ക്യാൻവാസിൽ ചെയ്യാനുള്ള കെൽപ്പുണ്ടെന്നു ടിയാനിലൂടെ തെളിയിച്ചിരിക്കുകയാണ് ..തൊട്ടാൽ പൊള്ളുന്ന പ്രമേയം ആധാരമാക്കി തിരക്കഥ രചിച്ച മുരളിഗോപിയുടെ പേരിലായിരിക്കാം ഒരുപക്ഷെ ടിയാൻ അറിയപ്പെടാൻ സാധ്യത ..പൃഥ്വിയും,ഇന്ദ്രജിത്തും,മുരളിഗോപിയും ഒഴിച്ച് മറ്റു കഥാപാത്രങ്ങൾക്കൊന്നും തന്നെ എടുത്തുപറയാനുള്ള പ്രകടനത്തിനുള്ള വകുപ്പില്ലായിരുന്നു .കിട്ടിയ ചെറുറോളുകൾ എല്ലാവരും നന്നായി ചെയ്തിട്ടുമുണ്ട് …സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊരു സംഗതി .
പശ്ചാത്തല സംഗീതം ചെയ്ത ഗോപീസുന്ദറിനും കൈയ്യടിക്ക് അവകാശമുണ്ട് .എന്തായാലും മലയാളത്തിൽ അധികമാരും പരീക്ഷിക്കാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത ഒരു പ്രപഞ്ചസത്യം ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ആണെങ്കിൽ കൂടി തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് അണിയറക്കാർ അഭിനന്ദനം അർഹിക്കുന്നു …

Share.

About Author

Comments are closed.