മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. ശിക്ഷ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി സ്ഫോടന കേസുകളിലെ പ്രതിയായ യാക്കൂബ് മേമന്, തന്റെ വധശിക്ഷ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ അയാളുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന. ഈ മാസം 30ന് വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 1993ല്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടന കേസില്‍ മേമന് നല്കിയ ദയാര്‍ഹര്‍ജി രാഷ്ട്രപതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് മേമന് തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ആ ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി തള്ളിയത്. ശിക്ഷ നടപ്പാവുകയാണെങ്കില്‍ മുംബയ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ വധശിക്ഷയാവും മേമന്റേത്. മുംബയ് സ്ഫോടന കേസില്‍ ഗൂഢാലോചന കുറ്റത്തിന് ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമനെ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. മേമന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് മുംബയിലെ തീവ്രവാദ വിരുദ്ധ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല, മേമനെ തൂക്കിലേറ്റുന്നതിനുള്ള തീയതിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അംഗീകാരവും നല്‍കുകയും ചെയ്തു. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതി വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. വധശിക്ഷ ചോദ്യം ചെയ്തുള്ള മേമന്റെ പുന:പരിശോധനാ ഹര്‍ജി ഏപ്രില്‍ ഒമ്പതിനാണ് സുപ്രീംകോടതി തള്ളിയത്.
യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു 30ന് തൂക്കിലേറ്റിയേക്കും
0
Share.